
ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ, ഹെലികോപ്റ്റര്‍ സേവന ദാതാവ് പവന്‍ഹന്‍സ് ലിമിറ്റഡിന്റെ സ്വകാര്യവത്കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈയാഴ്ച തീരുമാനമെടുക്കും. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജിന്റല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഇതില്‍ ബിഡ് സമര്‍പ്പിച്ചതായാണ് വിവരം. നാളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മികച്ച ബിഡ് തെരഞ്ഞെടുക്കും. മന്ത്രിസഭാ സമിതിയുടെ അംഗീകാരത്തോടെ ഇക്കാര്യത്തില്‍ പ്രഖ്യാപനം പിന്നീടുണ്ടാകും.
2023 മാര്‍ച്ചോടെ നിരവധി കമ്പനികളില്‍ ചെറുനിക്ഷേപമടക്കം വിറ്റഴിച്ച് 650 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. പവന്‍ഹാന്‍സ് നിരന്തരം നഷ്ടം നേരിടുന്ന കമ്പനിയാണ്. ഇതില്‍ 51 ശതമാനം ഓഹരി കേന്ദ്രസര്‍ക്കാരിനും 49 ശതമാനം ഓഹരി ഒഎന്‍ജിസിക്കുമാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അതേ വിലയ്ക്ക് ലേലം വിജയിക്കുന്ന സ്വകാര്യ കമ്പനിക്ക് തങ്ങളുടെ ഓഹരികളും വില്‍ക്കുമെന്നാണ് ഒഎന്‍ജിസിയും പ്രഖ്യാപിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യമായതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് കമ്പനികള്‍ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ബിപിസിഎല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, ബിഇഎംഎല്‍, ഐഡിബിഐ ബാങ്ക് എന്നിവ സ്വകാര്യവ്തകരിക്കും. എല്‍ഐസി ഐപിഒയും ഈ വര്‍ഷം തന്നെ നടക്കും.