
രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2026-നകം ഒരു ബില്യണില്‍ എത്തുമെന്ന് പ്രഫഷണല്‍ സര്‍വീസ് നെറ്റ്വര്‍ക്കായ ഡെലോയിറ്റ്. ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണം ഗ്രാമങ്ങളില്‍ വര്‍ധിക്കുകയാണെന്നും ഡെലോയിറ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 2021- ലെ കണക്കുകള്‍ പ്രകാരം 120 കോടി മൊബൈല്‍ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. അതില്‍ 75 കോടി ആളുകള്‍ മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനകം ലോകത്ത് ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും ഡെലോയിറ്റിന്റെ 2022 ഗ്ലോബല്‍ ടിഎംടി (ടെക്നോളജി, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, ടെലികോം) പഠനം പ്രവചിക്കുന്നു.
ഗ്രാമീണ മേഖലയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പന നഗരത്തില്‍ ഉള്ളതിനേക്കാള്‍ വര്‍ധിക്കുമെന്നും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കണക്കാക്കിയാല്‍ (സിജിഎആര്‍) 6 ശതമാനം വളര്‍ച്ച നേടുമെന്നും പഠനം പറയുന്നു. സിഎജിആര്‍ കണക്കുകള്‍ പ്രകാരം 2.5 ശതമാനം വളര്‍ച്ച നഗര മേഖലയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പ്രകടമാകുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ഫൈബര്‍ ടെക്നോളജി വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഭാരത് നെറ്റ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഫോണുകളുടെ വില്‍പനയും വര്‍ധിക്കും. 2025-നകം ഭാരത് നെറ്റ് പദ്ധതി പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2026-നകം നഗര മേഖലയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 95 ശതമാനം സ്മാര്‍ട്ട് ഫോണുകളും ഉപയോക്താക്കള്‍ മാറ്റി വാങ്ങും.
2021ലെ കണക്കുകള്‍ പ്രകാരം 75 ശതമാനം ആളുകളും തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ മാറ്റി പുതിയത് വാങ്ങിയിരുന്നു. 2021-ല്‍ മാത്രം നഗര മേഖലയില്‍ 7.2 കോടി ഫീച്ചര്‍ ഫോണുകളാണ് ആളുകള്‍ മാറ്റി വാങ്ങിയത്. 2026-ല്‍ ഇത് ആറ് കോടിയിലെത്തും.രാജ്യത്ത് 5 ജി സേവനം വ്യാപകമായി ലഭിക്കുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 80 ശതമാനം അധിക വളര്‍ച്ച നേടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
മാത്രമല്ല 2026 ആകുമ്പോള്‍ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 13.5 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മ്മാണത്തിനായി 1000 കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ വളര്‍ച്ച വലിയ സ്വാധീനം ചെലുത്തുമെന്നും ഡെലോയിറ്റ് പഠനം വ്യക്തമാക്കുന്നു.