
റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുകയാണ്. വിവിധ കരാറുകളും, സാമ്പത്തിക സഹകരണവും വരും വര്‍ഷങ്ങളില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയെയും ഭരണാധികാരികളെയും പുകഴ്ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗഹൃദ പാതയില്‍ ഇന്ത്യയ്ക്കും സൗദിക്കും ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണല്‍ത്തരികളെ സ്വര്‍ണമാക്കി മാറ്റിയവരാണ് സൗദി ജനതയെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ സംസാരിക്കുകയായിരുന്നു മോദി. സൗദിയിലെ ജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഇത് സാദ്ധ്യമായത്. ഇതിന് മികച്ച നേതൃത്വം നല്‍കുകയാണ് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം സൂക്ഷിക്കുന്ന രാഷ്ട്രമാണ് സൗദി. ചിരപുരാതനമായ ഈ ബന്ധമാണ് തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ഉറപ്പുള്ള അടിത്തറ- മോദി പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയാകുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ന് ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ട് അപ്പ് ഇകോസിസ്റ്റമുണ്ട്. തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിക്ഷേപമിറക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ഓടു കൂടി ഗ്യസ് ടെര്‍മിനല്‍, പൈപ്പ്‌ലൈന്‍ തുടങ്ങിയ മേഖലയില്‍ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധയില്‍ മുതല്‍ മുടക്കാന്‍ സൗദി ആരാംകോ തയ്യാറായതില്‍ താന്‍ സന്തുഷ്ടനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. മോദിക്ക് പുറമേ, ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബൊല്‍സനാരോ, നൈജീരിയന്‍ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, മുബാദല ഇന്‍വസ്റ്റ്‌മെന്റ് ഗ്രൂപ്പ് സിഇഒ ഖല്‍ദൂന്‍ അല്‍ മുബാറക് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. നേരത്തെ ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. റിയാദ് ഗവര്‍ണ്ണര്‍ എച്ച്ആര്‍എച്ച് പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സൗദ് മോദിയെ സ്വീകരിച്ചു. മൂല്യവത്തായ ഒരു സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സുപ്രധാന സന്ദര്‍ശനത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് സൗദി അറേബ്യയിലെത്തിയെന്നായിരുന്നു മോദി സന്ദര്‍ശനത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം തന്ത്രപ്രധാന വ്യാപാരപങ്കാളികളെന്ന നിലയില്‍ സൗദി അറേബ്യ ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക പദ്ധതികളില്‍ മുതല്‍മുടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദിനെ ഒറു പ്രാദേശിക ചാനലിനന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരില്‍നിന്ന് സുസ്ഥിരമായ ഒരു ചാനല്‍ ഇന്ത്യയിലേക്കു തുറക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വില്‍ക്കുന്നയാളും വാങ്ങുന്നയാളും എന്നതില്‍ നിന്ന് തന്ത്രപ്രധാന പങ്കാളികളെന്ന നിലയിലേക്ക് ഉറ്റബന്ധം പുരോഗമിക്കുന്നതിന്റെ ഭാഗമാണ് എണ്ണ, പ്രകൃതിവാതക പദ്ധതികളിലെ സൗദി നിക്ഷേപമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 18 ശതമാനവും സൗദി അറേബ്യയാണ് നല്‍കുന്നത്.
ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡോയില്‍ ദാതാക്കളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി. നമ്മുടെ മൊത്തം ഊര്‍ജാവശ്യങ്ങള്‍ക്ക് പരിഹാരമാകുന്ന പ്രധാന സ്രോതസ്സെന്ന നിലയില്‍ സൗദി അറേബ്യയുടെ നിര്‍ണായക സ്ഥാനത്തെ തങ്ങള്‍ വിലമതിക്കുകയാണെന്നും മോദി പറഞ്ഞു. എണ്ണവിലയുടെ സ്ഥിരതക്കുവേണ്ടിയുള്ള ആഗോളശ്രമങ്ങളില്‍ ഇന്ത്യ ഭാഗഭാക്കാകും. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരദേശത്ത് പ്രതിദിനം 12 ലക്ഷം ബാരല്‍ ഉല്‍പാദകശേഷിയോടെ നിര്‍മ്മിക്കുന്ന കൂറ്റന്‍ ശുദ്ധീകരണശാലയില്‍ സൗദി അരാംകോയും അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയും (അഡ്നോക്) 50 ശതമാനമെന്ന വ്യവസ്ഥയില്‍ മുതല്‍മുടക്കാന്‍ പ്രാഥമിക കരാര്‍ ഒപ്പുവെച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ പെട്രോകെമിക്കല്‍സ്, എണ്ണശുദ്ധീകരണ വ്യവസായത്തില്‍ സൗദി അരാംകോ ശതകോടി ഡോളര്‍ മുതല്‍മുടക്കില്‍ 20 ശതമാനം ഓഹരി പങ്കാളിത്തം തേടാനും ആലോചിക്കുന്നു. ഈ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഊര്‍ജ മേഖലയില്‍ സുപ്രധാന ഉടമ്പടികള്‍ ഒപ്പുവെക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണനിക്ഷേപങ്ങള്‍ ഉറപ്പുവരുത്താന്‍ അരാംകോയുടെ പങ്കാളിത്തം ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.