ഇനി പെട്രോളും ഡീസലും ലഭിക്കും മായമില്ലാതെ; ഏപ്രില്‍ 1 മുതല്‍ പദ്ധതി പ്രായോഗിക തലത്തില്‍; മാറ്റം ബിഎസ്- 4 ല്‍ നിന്നും നേരെ ബിഎസ്-6 ലേക്ക്

February 20, 2020 |
|
News

                  ഇനി പെട്രോളും ഡീസലും ലഭിക്കും മായമില്ലാതെ; ഏപ്രില്‍ 1 മുതല്‍ പദ്ധതി പ്രായോഗിക തലത്തില്‍; മാറ്റം ബിഎസ്- 4 ല്‍ നിന്നും നേരെ ബിഎസ്-6 ലേക്ക്

ലോകത്തിലെ ഏറ്റവും 'ശുദ്ധ'മായ പെട്രോളിലേക്കും ഡീസലിലേക്കും മാറുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് അന്തിമ ഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നു മുതല്‍ യൂറോ 4 നിലവാരത്തില്‍ നിന്ന് യൂറോ 6 ലേക്ക് മാറുന്നതോടെയാണ് സള്‍ഫര്‍ ഉള്‍പ്പെടെയുള്ള മലിനീകരണ ഘടകങ്ങളുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ ഇന്ധനം ഇന്ത്യയിലെ പമ്പുകളില്‍ ലഭ്യമാകുന്നത്.

വാഹന എഞ്ചിന്‍ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമായ ഭാരത് സ്റ്റേജ്-6 എന്ന ബിഎസ്-6 നിലവില്‍ വരുന്നതിനു സമാന്തരമായാണ് അതിനു ചേര്‍ന്ന പെട്രോളും ഡീസലും വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നത്. 2017 ല്‍ നിലവില്‍ വന്ന ബിഎസ്- 4 നിലവാരത്തില്‍ നിന്ന് നേരിട്ട് ആറിലേക്കാണ് മാറ്റം.

2019ല്‍ ബിഎസ് 5 ഉം 2023 ല്‍ ബിഎസ് 6 ഉം സാധ്യമാക്കാനുള്ള തീരുമാനം രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേക്ക് മാറുന്നത് കണക്കിലെടുത്ത് പരിഷ്‌കരിക്കുകയായിരുന്നു. യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് തുല്യമാണ് ബിഎസ് നിലവാരം. ബിഎസ് 4 ഇന്ധനത്തില്‍ 50 പിപിഎം(പാര്‍ട്‌സ് പെര്‍ മില്യണ്‍) സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. ബിഎസ്-6ല്‍ 10 പിപിഎം മാത്രവും. നൈട്രജന്‍ ഓക്‌സൈഡിന്റെ അളവും നാമമാത്രമാകും. ഇത് നിലവില്‍ വരുന്നതോടെ വാഹനങ്ങള്‍ മുഖേനയുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തിന്റെ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല.

സള്‍ഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കാനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ 35,000 കോടി രൂപയുടെ അധിക നിക്ഷേപമാണു നടത്തിയത്.ബിഎസ്- 4 നിബന്ധന വന്നശേഷം ചെലവാക്കിയ 60000 കോടിക്കു പുറമെയാണിത്.  മിക്കവാറും എല്ലാ റിഫൈനറികളും ബിഎസ്- 6 ഇന്ധനം വിതരണം ചെയ്യാന്‍ തുടങ്ങിയെന്നും ഇത് രാജ്യത്തുടനീളമുള്ള സ്റ്റോറേജ് ഡിപ്പോകളില്‍ എത്തിയെന്നും രാജ്യത്തെ ഇന്ധന വിപണിയുടെ പകുതിയോളം നിയന്ത്രിക്കുന്ന ഐഒസിയുടെ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് പറഞ്ഞു.

ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളില്‍ നിന്നും ലഭിക്കുന്ന ഇന്ധനം ബിഎസ്-6 ഉദ്ഗമന മാനമണ്ഡമുള്ളതാകുമെന്ന്  100 ശതമാനം ആത്മവിശ്വാസമുണ്ട്- സഞ്ജീവ് സിംഗ് അറിയിച്ചു.രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകള്‍ ബിഎസ് 6 വിതരണത്തിലേക്ക് തടസ്സരഹിതമായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പുതിയ ഇന്ധനം ബിഎസ്-6 പെട്രോള്‍ വാഹനങ്ങളില്‍ നൈട്രജന്‍ ഓക്സൈഡ് ഉദ്ഗമനം 25 ശതമാനം കുറയ്ക്കും. ഡീസല്‍ കാറുകളില്‍ 70 ശതമാനവും. ഇതിലേറെ ഗുണനിലവാരമുള്ള ഇന്ധനം ലോകത്തെവിടെയും ലഭ്യമാകില്ല എന്നും അദ്ദേഹം പറഞ്ഞു.

1990 കളുടെ തുടക്കത്തിലാണ് ആദ്യമായി ഇന്ത്യ ഇന്ധന നവീകരണ പരിപാടി സ്വീകരിച്ചത്. 1994 ല്‍ ലോ ലെഡ് ഗ്യാസോലിന്‍ (പെട്രോള്‍) ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. 2000 ഫെബ്രുവരി 1 ന് രാജ്യവ്യാപകമായി കറുത്തീയമില്ലാത്ത ഇന്ധനം നിര്‍ബന്ധമാക്കി. നിലവില്‍ ഉപയോഗത്തിലുള്ള പഴയ തലമുറ ഡീസല്‍ വാഹനങ്ങളില്‍ പോലും സള്‍ഫര്‍ ഉദ്ഗമനം കുറയ്ക്കുന്നതാകും പുതിയ ഇന്ധനമെന്ന് സിംഗ് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved