
മുംബൈ: കെയ് കാപ്പിറ്റലിന്റെ പിന്തുണയുള്ള ഷെയറിംഗ് ആപ്പായ മിമറിനെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് ഏറ്റെടുത്തു. ഏറ്റെടുക്കല്‍ തുക സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താന്‍ പദ്ധതിയുള്ളതായി ഷെയര്‍ചാറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതിമാസം ആറ് കോടി സജീവ ഉപഭോക്താക്കളുള്ള പ്ലാറ്റ്ഫോമാണ് ഷെയര്‍ചാറ്റ്. നടപ്പുവര്‍ഷം അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 12 കോടിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഷെയര്‍ചാറ്റിന്റെ സേവന സൗകര്യങ്ങള്‍ വിപുലമാക്കുന്ന തരത്തിലുള്ളതും വൈവിധ്യമാര്‍ന്ന ഉള്ളടക്കത്തോടു കൂടിയതുമായ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്ന് ഷെയര്‍ചാറ്റ് കോര്‍പ്പറേറ്റ് ഡെവലപ്പ്മെന്റ് ആന്റ് സ്ട്രാറ്റജിക് ഫിനാന്‍സ് വൈസ് പ്രസിഡന്റ് മനോഹര്‍ ചരണ്‍ പറഞ്ഞു. മിമറിനെ ഏറ്റെടുത്തതോടെ ഷെയര്‍ചാറ്റിന്റെ ഉള്ളടക്കത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകും. അത് ഉപയോക്തൃ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മികച്ച രീതിയിലുള്ള വളര്‍ച്ചാ പാതയിലാണിപ്പോള്‍ കമ്പനി. ഉല്‍പ്പന്നങ്ങള്‍ നവീകരിക്കുന്നതിലും അതു നടപ്പാക്കുന്നതിലുമാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള സമാന ഏറ്റെടുക്കലുകള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി, ഗുജറാത്തി, തമിഴ്, പഞ്ചാബി, മലയാളം, തെലുങ്ക് തുടങ്ങി പതിനഞ്ചോളം വിവിധ ഭാഷകളില്‍ ഷെയര്‍ചാറ്റ് ലഭ്യമാണ്. ചെറുപ്പക്കാരായ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ യഥാര്‍ത്ഥ ഉള്ളടക്കം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടക്കമിട്ട മിമര്‍ ഹിന്ദി സംസാരിക്കുന്ന മികച്ച ഹൈപ്പര്‍ലോക്കല്‍ കമ്മ്യൂണിറ്റി വിപണികളില്‍ ശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്ന് മിമര്‍ സിഇഒയും സഹസ്ഥാപകനുമായ അമിത് സിംഗ് പറഞ്ഞു. പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിച്ച ഷെയര്‍ചാറ്റ് എല്ലാ തരത്തിലും മിമറിന് യോജിച്ച കമ്പനിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.