ഇന്ത്യയും ഇസ്രയേലും യുഎഇയും തമ്മിലുള്ള ത്രികക്ഷി വ്യാപാരം 2030ല്‍ 110 ബില്യണ്‍ ഡോളറിലെത്തും

April 07, 2021 |
|
News

                  ഇന്ത്യയും ഇസ്രയേലും യുഎഇയും തമ്മിലുള്ള ത്രികക്ഷി വ്യാപാരം 2030ല്‍ 110 ബില്യണ്‍ ഡോളറിലെത്തും

മുംബൈ: ഇന്ത്യയും ഇസ്രയേലും യുഎഇയും തമ്മിലുള്ള ത്രികക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും 110 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഇസ്രയേല്‍. മൂന്ന് രാജ്യങ്ങളുടെയും ശക്തിമേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും ഇസ്രയേല്‍ പ്രതിനിധി.

ഇസ്രയേലി ഇന്നവേഷനും യുഎഇയുടെ ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ നേതൃത്വവും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ചേരുമ്പോള്‍ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ത്രികക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും 110 ബില്യണ്‍ ഡോളറിലേക്ക് കുതിക്കും-ദുബായിലെ ഇസ്രയേലി മിഷന്‍ തലവനും അംബാസഡറുമായ ഇലന്‍ സ്തുള്‍മാന്‍ സ്റ്ററോസ്റ്റ പറഞ്ഞു.  

ഇതേ വികാരം തന്നെയാണ് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ബന്നയും പങ്കുവെച്ചത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2020ലെ 60 ബില്യണ്‍ ഡോളറില്‍ നിന്ന് 2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളറായി ഉയരും. ലോകത്തിലേക്കുള്ള വാതിലാണ് യുഎഇ. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ലോകത്തിന് മുഴുവന്‍ ഉപകരിക്കും-ഡോ. അഹമ്മദ് പറഞ്ഞു.

യുഎഇയിലെ ഇന്ത്യന്‍ സമൂഹം മൂന്ന് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ ഉണര്‍ത്താന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ ഡോ. അമന്‍ പുരി പറഞ്ഞു. അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേലുമായുള്ള ബന്ധത്തില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ വരുന്നതിനാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്.

Related Articles

© 2021 Financial Views. All Rights Reserved