
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടുത്ത നവംബറിലോ, ജനുവരയിലോ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളായിരിക്കും ചര്‍ച്ചയില്‍ കൂടുതലായും കടന്നുവരാന്‍ സാധ്യത. ഇരു രാജ്യങ്ങളും വിവിധ ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവയില്‍ കൂടുതല്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള നിര്‍ദേശങ്ങളാകും ചര്‍ച്ചയില്‍ കടന്നുവരിക. നവംബറിലെ ആദ്യവാരത്തില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും, കൂടുതല്‍ വ്യാപാര സൗഹൃദം സ്ഥാപിക്കാനുമുള്ള നിര്‍ദേശങ്ങളാകും ചര്‍ച്ചയില്‍ ഉണ്ടാവുക. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ഡൊനാള്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്‍പ് കേന്ദ്രവാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന വിപണി.ില്‍ പരിഗണന നല്‍കുന്നതടക്കമുള്ള സാധ്യതകളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കിയത് വലിയ തിരിച്ചടിയായിട്ടുണ്ട്. ട്രംപിന്റെ ഇന്ത്യ സാന്ദര്‍ശനത്തിന് മുന്‍പ് ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഗസ്റ്റ് മാസത്തില്‍ ഫ്രാന്‍സില്‍ നടക്കുന്ന ജി.7 ഉച്ചകോടിയില്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച്ചയുണ്ടാകാനും സാധ്യതയുണ്ട്.
ജി.20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങള്‍ക്ക് പരിഹരം കണ്ടെത്താനായിട്ടില്ല. ഇന്ത്യ അമേരിക്കന്‍ കമ്പനികളെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു ട്രംപ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഇന്ത്യ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഡോനാള്‍ഡ് ട്രംപ് നടത്തിയത്. ഇന്ത്യ അധിക തീരുവ ചുമത്തുന്നത് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും, ഇന്ത്യ കഴിഞ്ഞ കുറേക്കാലമായി ഇത് പിന്തുടരുന്നുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തി.
എന്നാല്‍ ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര സൗഹൃദം നിലനിര്‍ത്തണമെന്നാണ് എക്കാലത്തും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്. അമേരിക്കയുടെ 3700 ഉത്പന്നങ്ങളില്‍ 1784 ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യ നികുതി ഈടാക്കിയിട്ടുള്ളതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയതിനെതിരെ ഇന്ത്യ വലിയ വിമര്‍ശനങ്ങളൊന്നും നടത്തിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.