
ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാറിന് അപ്പുറമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും യുഎസും ചര്‍ച്ച നടത്തുന്നു. കൂടുതല്‍ വിപണി പ്രവേശനവും, നിക്ഷേപങ്ങളില്‍ ഉയര്‍ന്ന തലത്തിലുള്ള ഇടപഴകലും നടത്തി സാമ്പത്തിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
സാമ്പത്തിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി അറിയിച്ചു. 'മറ്റൊരു പുതിയ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചെയ്യേണ്ടതില്ലെന്ന് യുഎസ് തീരുമാനമെടുത്തിട്ടുണ്ട്. അതാണ് അവരുടെ ഇപ്പോഴത്തെ തീരുമാനം. അവര്‍ ഇന്ത്യയുമായി കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലയോ എന്നതല്ല. അവര്‍ മാക്രോ തലത്തില്‍ എടുത്ത തീരുമാനമാണ്,'' ഗോയല്‍ പറഞ്ഞു.
'എന്നിരുന്നാലും, ഒരു സ്വതന്ത്ര വ്യാപാര കരാറിനപ്പുറം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കൂടുതല്‍ വിപണി പ്രവേശം, നിക്ഷേപങ്ങളില്‍ കൂടുതല്‍ ഇടപഴകല്‍, പരസ്പരം പിന്തുണയ്ക്കാന്‍ കഴിയുന്ന ഉത്പ്പന്നങ്ങളും, മേഖലകളും തിരിച്ചറിയുക എന്നിവയെല്ലാമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്,'' 19-ാമത് ഹാര്‍വാര്‍ഡ് ഇന്ത്യ വാര്‍ഷിക കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേ ഗോയല്‍ പറഞ്ഞു.