
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ഇരു രാജ്യങ്ങളും ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ക്രിസ്റ്റഫര്‍ വില്‍സന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപാര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിക്കും ഇന്ത്യയെ പ്രതിനീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇന്ത്യ അധിക തീരുവ ഈടാക്കുന്ന രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ച പുനരാരംഭിക്കുന്നത്.
അതേസമയം ജി.20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ക്ക് പരിഹരം കണ്ടെത്താനായിട്ടില്ല. ഇന്ത്യ അമേരിക്കന്‍ കമ്പനികളെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു ട്രംപ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഇന്ത്യ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഡോനാള്‍ഡ് ട്രംപ് നടത്തിയത്. ഇന്ത്യ അധിക തീരുവ ചുമത്തുന്നത് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും, ഇന്ത്യ കഴിഞ്ഞ കുറേക്കാലമായി ഇത് പിന്തുടരുന്നുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തി.
എന്നാല്‍ ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര സൗഹൃദം നിലനിര്‍ത്തണമെന്നാണ് എക്കാലത്തും ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്. അമേരിക്കയുടെ 3700 ഉത്പന്നങ്ങളില്‍ 1784 ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യ നികുതി ഈടാക്കിയിട്ടുള്ളതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയതിനെതിരെ ഇന്ത്യ വലിയ വിമര്‍ശനങ്ങളൊന്നും നടത്തിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.