
ന്യൂഡല്‍ഹി: യുവ സംരംഭകര്‍ക്ക് അവസരം എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഐഐടി ഡല്‍ഹിയില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ യുവാക്കള്‍ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അവര്‍ക്ക് നടപടികള്‍ എളുപ്പമാക്കുമെന്നും വ്യക്തമാക്കി. വെര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി ചടങ്ങില്‍ അഭിസംബോധന ചെയ്തത്.
എന്നാല്‍ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ നിങ്ങള്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കണമെന്നും മോദി നിര്‍ദേശിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ 50000 സ്റ്റര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ 10000 കോടി രൂപ ഇതിന് വേണ്ടി അനുവദിച്ചു. യുവ സംരംഭകര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് നികുതി ഇളവ് നല്‍കുന്ന കാര്യവും മോദി എടുത്തുപറഞ്ഞു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മോദി സൂചിപ്പിച്ചു.
കൊറോണയുടെ വരവോടെ ജീവിതവും ജോലി പശ്ചാത്തലങ്ങളുമെല്ലാം മാറിയിരിക്കുന്നു. ഇവിടെ സാങ്കേതിക വിദ്യകള്‍ക്ക് വലിയ പങ്കാണുള്ളത്. സാങ്കേതിക വിദ്യയുടെ പങ്കിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. പുതിയ നിയമങ്ങളും പുതിയ വാഗ്ദാനങ്ങളും പുതിയ ശ്രമങ്ങളുമെല്ലാം ആവശ്യപ്പെടുന്ന പതിറ്റാണ്ടാണിത്. പുതിയ കണ്ടെത്തലുകള്‍ നടക്കേണ്ടതുണ്ട്. ഉല്‍പ്പാദനവും സേവനങ്ങളുമെല്ലാം വളരേണ്ടതുണ്ട്. പക്ഷേ, ഗുണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഉണര്‍ത്തി. വിപണിയില്‍ വിശ്വാസ്യത നേടിയെടുക്കണമെന്നും മോദി പറഞ്ഞു.