കാര്‍ഷിക ഉല്‍പ്പന്ന മേഖലയില്‍ വ്യാപാര മിച്ചം നിലനിര്‍ത്തി ഇന്ത്യ

April 23, 2021 |
|
News

                  കാര്‍ഷിക ഉല്‍പ്പന്ന മേഖലയില്‍  വ്യാപാര മിച്ചം നിലനിര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി കാര്‍ഷിക ഉല്‍പ്പന്ന മേഖലയില്‍  വ്യാപാര മിച്ചം നിലനിര്‍ത്തി വരുന്ന രാജ്യമാണ് ഇന്ത്യ. 2019-20 കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക അനുബന്ധ കയറ്റുമതി 2.52 ലക്ഷം കോടി രൂപയും ഇറക്കുമതി 1.47 ലക്ഷം കോടി രൂപയുമാണ്. കാര്‍ഷിക അനുബന്ധ ചരക്കുകളുടെ കയറ്റുമതി 2020 ഏപ്രില്‍ മുതല്‍  2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍  2.74 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.31 കോടി രൂപയായിരുന്നു. 18.49 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, അരി (ബസുമതി ഒഴികെയുള്ളത്), സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചസാര, അസംസ്‌കൃത പരുത്തി, സംസ്‌ക്കരിക്കാത്ത പച്ചക്കറികള്‍, സംസ്‌കരിച്ച പച്ചക്കറികള്‍, ലഹരി  പാനീയങ്ങള്‍ എന്നിവയാണ് കയറ്റുമതിയില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍.

ഗോതമ്പും മറ്റ് ധാന്യങ്ങളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യഥാക്രമം 425 കോടി രൂപയില്‍ നിന്ന് 3283 കോടി രൂപയായും 1318 കോടി  രൂപയില്‍ നിന്ന് 4542 കോടി രൂപയായുംവളര്‍ച്ച രേഖപ്പെടുത്തി. ഗോതമ്പ് കയറ്റുമതിയില്‍ ഇന്ത്യ 727 ശതമാനം വളര്‍ച്ച നേടി. അരി (ബസുമതി ഇതര) കയറ്റുമതിയില്‍ രാജ്യം 132% വളര്‍ച്ച കൈവരിച്ചു. ബസുമതി ഇതര അരി കയറ്റുമതി 2019-20-ല്‍ 13,030 കോടി രൂപയായിരുന്നത്  2020-21ല്‍ 30,277 കോടി രൂപയായി ഉയര്‍ന്നു.

കാര്‍ഷിക, അനുബന്ധ ചരക്കുകളുടെ ഇറക്കുമതി 2020 ഏപ്രില്‍ മുതല്‍  2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 141034.25 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 137014.39 കോടി രൂപയായിരുന്നു. 2.93 ശതമാനം വര്‍ധന. 2020 ഏപ്രില്‍ മുതല്‍  2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍, കൊവിഡ് -19 പ്രതിസന്ധിക്കിടയിലും, കാര്‍ഷിക വ്യാപാര മിച്ചത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. 2019-20 ല്‍ ഇതേ കാലയളവില്‍ 93,907.76 കോടി രൂപയായിരുന്നത് 132,579.69 കോടി രൂപയായാണ് വര്‍ധിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved