
സ്റ്റോക്ക്ഹോം: ഇന്ത്യന്‍-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. മൂന്നുപേര്‍ക്കാണ് ഇത്തവണ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍. ആഗോള ദാരിദ്ര്യ നിര്‍മ്മാജനത്തിനുള്ള പദ്ധതിക്കാണ് പുരസ്‌കാരം. എസ്തര്‍ ഡുഫ്ളോ, മൈക്കിള്‍ ക്രമര്‍ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞരാണ് അഭിജിത്തിനൊപ്പം പുരസ്‌കാര ജേതാക്കളായത്.
ആഗോള ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പരീക്ഷണാത്മക സമീപനമാണ് മൂവരും സ്വീകരിച്ചതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വിലയിരുത്തി. ആഗോള ദാരിദ്ര്യത്തെ നേരിടാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ആശ്രയിക്കാവുന്ന ഉത്തരങ്ങള്‍ കണ്ടെത്താന്‍ പുതിയ സമീപനമാണ് മൂന്ന് ശാസ്ത്രജ്ഞരും സ്വീകരിച്ചത്. രണ്ടാം തവണയാണ് ഇന്ത്യക്ക് സാമ്പത്തിക ശാസ്ത്രജ്ഞത്തിന് നോബല്‍ സമ്മാനം തേടിയെത്തുന്നത്. നേരത്തെ അമര്‍ത്യാസനും പുരസ്‌ക്കാരം ലഭിച്ചിരുന്നു.
അമേരിക്കയില്‍ പ്രൊഫസറായ അഭിജിത് ബാനര്‍ജി കൊല്‍ക്കത്ത സ്വദേശിയാണ്. 58കാരനായ അഭിജിത് ബാനര്‍ജിയുടെ വിദ്യാഭ്യാസം കൊല്‍ക്കത്ത സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, എന്നിവിടങ്ങളിലായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് 1988 ല്‍ പിഎച്ഡി നേടിയത്. നിലവില്‍, മസാച്യുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഫോര്‍ഡ് ഫൗ്ണ്ടേഷന്‍ ഇന്റര്‍നാഷണല്‍ പ്രൊഫസറാണ്. അഭിജിത് ഡുഫ്ളോയ്ക്കും സെന്തില്‍ മുല്ലൈനാഥനുമൊപ്പം അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് തുറന്നു. ഇപ്പോഴും ലാബ് ഡയറക്ടര്‍മാരില്‍ ഒരാളാണ്.
എസ്തര്‍ ഡുഫ്ളോ സാമ്പത്തിക നൊബേല്‍ നേടുന്ന രണ്ടാമത്തെ വനിതയാണ്. ക്രെമര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലാണ് ഗവേഷണം നടത്തുന്നത്. അഭിജിത്തും, എസ്തര്‍ ഡുഫ്ളോയും മസാച്ചുസറ്റ്സിലും. മൂവരും ചേര്‍ന്ന് വികസന സാമ്പത്തിക ശാസ്ത്രത്തില്‍ പരീക്ഷണാത്മമായ ഗവേഷണം നടത്തി വരികയാണ്. സ്‌കൂളുകളിലെ റെമഡിയല്‍ ട്യൂട്ടറിങ് പോലെയുള്ള ഫലപ്രദമായ പരിപാടികള്‍ വഴി അഞ്ച് ദശലക്ഷം ഇന്ത്യന്‍ കുട്ടികള്‍ക്ക് ഇവരുടെ ഗവേഷണം മൂലം നേരിട്ടുള്ള പ്രയോജനമുണ്ടായി. പല രാഷ്ട്രങ്ങളിലും പ്രതിരോധ ചികിത്സാ സംരക്ഷണ രംഗത്ത് വലിയ തോതില്‍ സബ്സിഡ് കൊണ്ടുവന്നതും ഇവരുടെ പദ്ധതികള്‍ പ്രകാരമാണെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.