ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് ഇതുവരെ തിരിച്ചുവിളിച്ചത് 376,536 വാഹനങ്ങള്‍!

August 19, 2021 |
|
News

                  ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് ഇതുവരെ തിരിച്ചുവിളിച്ചത് 376,536 വാഹനങ്ങള്‍!

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് 2021ല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് ഇതുവരെ തിരിച്ചുവിളിച്ചത് 376,536 വാഹനങ്ങള്‍. ഈ വര്‍ഷം ആഗസ്റ്റ് 11 വരെയുള്ള കണക്കുകളാണ് പുറത്തുവന്നതെന്ന് രാജ്യത്തെ വാഹന, എഞ്ചിന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സി (സിയാം)ന്റെ ഡാറ്റയെ  ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 നെക്കാള്‍ ഇരട്ടിയിലധികം വാഹനങ്ങളാണ് ഇത്തവണ തിരിച്ചുവിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട, ഹ്യുണ്ടായി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കളുടെ വാഹനങ്ങള്‍ ഇതിനകം തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രധാനമായും ഇന്ധന പമ്പുകള്‍, എയര്‍ബാഗുകള്‍, ഗുണനിലവാര പരിശോധനകള്‍, കച്ചവടക്കാരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ ഫിറ്റ്‌മെന്റ്, ബ്രേക്ക് പ്രശ്‌നങ്ങള്‍ എന്നിവയാണ് തിരിച്ചുവിളിക്കലിന് കാരണമായത്.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. 77,954 വാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിച്ചു. അമേസ്, സിറ്റി, ജാസ് തുടങ്ങിയവ തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. എഞ്ചിന്‍ കമ്പാര്‍ട്ട്മെന്റിലെ ദ്രാവക പൈപ്പ്‌ലൈനിലുണ്ടായ തകരാര്‍ കാരണം 29,878 യൂനിറ്റ് ബൊലേറോ മഹീന്ദ്ര തിരിച്ചുവിളിച്ചു. ജൂലൈയില്‍, സ്‌കോര്‍പിയോ എം ഹോക്കിന്റെ 531 യൂനിറ്റുകള്‍ എഞ്ചിന്‍ തകരാര്‍ കാരണവും ഫെബ്രുവരിയില്‍ 2,649 യൂണിറ്റുകളും തിരിച്ചുവിളിച്ചിരുന്നു.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യക്ക് ഈ വര്‍ഷം ഇതുവരെ ഒരു തിരിച്ചുവിളിയും നടത്തിയിട്ടില്ല. 2020 നവംബറില്‍ ഈക്കോയുടെ 40,453 യൂനിറ്റുകള്‍ തിരിച്ചുവിളിച്ചതാണ് മാരുതിയുടെ ഏറ്റവും പുതിയ നടപടി. മാര്‍ച്ചില്‍, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 530 യൂനിറ്റ് കോന ഇലക്ട്രിക് വാഹനം തിരിച്ചുവിളിച്ചു. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 9,498 യൂനിറ്റ് കോംപാക്റ്റ് എസ്യുവി അര്‍ബന്‍ ക്രൂസര്‍ തിരിച്ചുവിളിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തിരിച്ചുവിളിക്കല്‍ നയപ്രകാരം വാഹന നിര്‍മാതാവ് വിവിധ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. പുതിയ പോളിസി അനുസരിച്ച്, ഉത്പാദനം അല്ലെങ്കില്‍ ഇറക്കുമതി തീയതി മുതല്‍ ഏഴ് വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങളാണ് തിരിച്ചുവിളിക്കേണ്ടത്. 600,000ലധികം ഇരുചക്രവാഹനങ്ങളും 100,000 നാല് ചക്ര വാഹനങ്ങളും 300,000 മുച്ചക്ര വാഹനങ്ങളും നിര്‍ബന്ധമായും തിരിച്ചുവിളിക്കുന്ന സാഹചര്യത്തില്‍ ഒരു വാഹന നിര്‍മ്മാതാവ് നല്‍കേണ്ട പരമാവധി പിഴ ഒരു കോടി രൂപയാണ്.  സര്‍ക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മാതാക്കള്‍ ഉപഭോക്തൃ സുരക്ഷയ്ക്കായി മുന്‍കൈയെടുക്കുന്നതാണ് തിരിച്ചുവിളിയിലെ ഈ വര്‍ദ്ധനവിന് കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved