
മുംബൈ: ഇന്ത്യയുടെ ഓട്ടോമൊബൈല്‍ രംഗത്തെ ആവശ്യകതയില്‍ അനിശ്ചിതത്വം തുടരുന്നതായി ഫിച്ച് റേറ്റിംഗ്സ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലത്ത് രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ മാസത്തില്‍ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഓട്ടോമൊബൈല്‍ രംഗത്തെ അനിശ്ചിതത്വങ്ങള്‍ തുടരുകയാണെന്ന് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു.
കൊവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുളള വ്യാപാര-വിതരണ രംഗത്തെ തടസ്സങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഓട്ടോ ഡിമാന്‍ഡ് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്, 2021 ജൂണ്‍ വരെ മൊത്തത്തിലുള്ള വ്യവസായത്തിന്റെ അളവ് 20 ശതമാനത്തിലധികം കുറയുമെന്ന് ഫിച്ച് പ്രവചിക്കുന്നു. കൊവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപ്തി ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിലും മോശമാണെങ്കില്‍ ഈ പ്രവചനം പരിഷ്‌കരിക്കാനാകുമെന്നും റേറ്റിം?ഗ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ബിഎസ് 6 എമിഷന്‍ ചട്ടക്കൂടിന് കീഴിലെ ഉയര്‍ന്ന് ചെലവ്, പകര്‍ച്ചവ്യാധിയെ തുടര്‍ന്നുളള സാമ്പത്തിക ആഘാതം എന്നിവ വാഹന വാങ്ങലുകാരുടെ തിരുമാനമെടുക്കലിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. എങ്കിലും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആദ്യമായി കാറ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.