
റിസര്‍വ് ബാങ്കില്‍ പണം സൂക്ഷിച്ചതിലൂടെ രാജ്യത്തെ ബാങ്കുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് നേടിയത് ഏകദേശം 23000 കോടി രൂപയുടെ പലിശ വരുമാനം. കൂടുതല്‍ വായ്പ നല്‍കി ആളുകളിലേക്ക് പണമെത്തിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ നടപടികളെടുത്തെങ്കിലും ബാങ്കുകള്‍ അതിന് വലിയ താല്‍പ്പര്യം കാട്ടിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബ്രിക് വര്‍ക്ക് റേറ്റിംഗ്സ സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ബാങ്കുകള്‍ കൂടുതല്‍ പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാനാണ് ശ്രമിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് റിസര്‍വ് ബാങ്കിലെ നിക്ഷേപം ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഡിസംബര്‍ 31 ന് ഇത്തരത്തില്‍ റിസര്‍വ് ബാങ്കില്‍ ഉണ്ടായിരുന്ന നിക്ഷേപം 1.5 ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ മാര്‍ച്ച് ആയപ്പോഴേക്കും ഇത് 3.8 ലക്ഷം കോടിയും മേയ് പകുതിയായപ്പോള്‍ 7.2 ലക്ഷം കോടി രൂപയുമായി.
ചുരുക്കത്തില്‍, നിലവിലെ അസ്ഥിരമായ വിപണിയില്‍ ആളുകള്‍ക്ക് വായ്പ നല്‍കി റിസ്‌ക് എടുക്കുന്നതിന് പകരം വരുമാനം അല്‍പ്പ്ം കുറയുമെങ്കിലും സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ തെരഞ്ഞെടുക്കുകയായിരുന്നു.
ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്സിന്റെ കണക്കു പ്രകാരം ഏഴു ലക്ഷം കോടി രൂപ വായ്പയായി നല്‍കിയിരുന്നെങ്കില്‍ 57,445 കോടി രൂപ പലിശ വരുമാനം ലഭിക്കുമായിരുന്നു. 34000 കോടി രൂപ അധികമായി നേടാന്‍ കഴിയുമായിരുന്നു. നിലവില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് 3.35 ശതമാനം പലിശ നിരക്കിലാണ് 23,450 കോടി രൂപ ബാങ്കുകള്‍ നേടിയത്.