
മുംബൈ: ഇന്ത്യന്‍ ബാങ്കുകളുടെ സമ്മര്‍ദ്ദിത വായ്പകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തിനുശേഷം ഉയരുമെന്ന് ഫിച്ച് റേറ്റിംഗിന്റെ വിലയിരുത്തല്‍. നിലവില്‍ കോവിഡ് 19 സമാശ്വാസത്തിന്റെ ഭാഗമായി ആസ്തി ഗുണനിലവാര നടപടികള്‍ ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ് എന്നതാണ് ഇതിന് പ്രധാന കാരണം. ചെറുകിട ബിസിനസ്സുകളില്‍ നിന്നും ചില്ലറ വായ്പക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ബാങ്കുകള്‍ പൂര്‍ണമായി കണക്കാക്കിയിട്ടില്ല. ഇതിന്റെ ഫലമായാണ് കഴിഞ്ഞ വര്‍ഷത്തെ നിഷ്‌ക്രിയ വായ്പാ അനുപാതം 7.5 ശതമാനം എന്ന കുറഞ്ഞ അളവില്‍ രേഖപ്പെടുത്തിയതെന്നും ആഗോള റേറ്റിംഗ് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് -19 ബാധിത വിഭാഗങ്ങളെ (എംഎസ്എംഇ, റീട്ടെയില്‍, കോണ്‍ടാക്റ്റ് സേവനങ്ങള്‍) ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ ദുരിതാശ്വാസ നടപടികള്‍ ആസ്തിയുടെ ഗുണനിലവാരത്തിലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നത് നീക്കിവെക്കപ്പെടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫിച്ച് നിരീക്ഷിക്കുന്നത് അനുസരിച്ച്; റെഗുലേറ്ററി മൊറട്ടോറിയം, കോവിഡുമായി ബന്ധപ്പെട്ട സവിശേഷ പുനഃക്രമീകരണം, സര്‍ക്കാര്‍ ഗ്യാരണ്ടിയോടു കൂടി എംഎസ്എംഇകള്‍ക്ക് നല്‍കുന്ന പുനര്‍ വായ്പ എന്നിവ ബാങ്കിംഗ് സംവിധാനത്തിലെ മൊത്തം വായ്പകളുടെ 10 ശതമാനത്തോളം വരും.
മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ആഘാതം നേരിടാനുള്ള പുതിയ നടപടികളുടെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലും മോശം വായ്പകള്‍ സംബന്ധിച്ച നടപടികള്‍ മാറ്റിവെക്കുന്നത് തുടരുകയാണെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. എംഎസ്എംഇ, റീട്ടെയില്‍ വിഭാഗങ്ങളിലെ വായ്പാ വിതരണം കാര്യമായി ഉയരും.