
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയ്ക്ക് മേല്‍ കനത്ത ആഘാതമേല്‍പ്പിച്ചെന്ന് ഓക്സ്ഫാം പഠനം. കൊവിഡ് വ്യാപനത്തോടെ രാജ്യത്തെ സമ്പന്നരുടെ ആസ്തി കുത്തനെ വര്‍ധിച്ചെന്നും ഇതേസമയം ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും പഠനത്തില്‍ പറയുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഓക്സ്ഫോം റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കൊറോണ വൈറസ് പാന്‍ഡെമിക് ഇന്ത്യയിലെ അതിസമ്പന്നരും അവിടുത്തെ കോടിക്കണക്കിന് അവിദഗ്ദ്ധ തൊഴിലാളികളും തമ്മിലുള്ള വരുമാന അസമത്വം വഷളാക്കിയിട്ടുണ്ട്. അവരില്‍ പലരും ദീര്‍ഘകാലമായി തൊഴിലില്ലാത്തവരും അടിസ്ഥാന ആരോഗ്യ സംരക്ഷണവും ശുചിത്വവും ലഭ്യമാക്കാന്‍ പാടുപെടുന്നവരുമാണ്. ലാഭേച്ഛയില്ലാത്ത ഗ്രൂപ്പായ ഓക്‌സ്ഫാം തിങ്കളാഴ്ച ഒരു റിപ്പോര്‍ട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ അവതരിപ്പിച്ചു.
ദ ഇന്‍ ഈക്വാലിറ്റി വൈറസ് എന്ന തലക്കെട്ടോടെയാണ് പഠനം. ലോക്ക്ഡൗണ്‍ കാലത്ത് അതിസമ്പന്നരുടെ ആസ്തിയില്‍ 35 ശതമാനം വര്‍ധനയുണ്ടായതായി പഠനം പറയുന്നു. എന്നാല്‍ 84 ശതമാനം കുടുംബങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വരുമാന നഷ്ടമുണ്ടായി. ഏപ്രിലില്‍ മാത്രം ഓരോ മണിക്കൂറിലും 1.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും പഠനം വെളിപ്പെടുത്തി.
2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ നൂറ് അതിസമ്പന്നരുടെ ആസ്തി വര്‍ധിച്ചു വരികയാണ് എന്നാണ് ഓക്സ്ഫാം പറയുന്നത്. ഇന്ത്യയിലെ 14 കോടി ദരിദ്രരിലെ ഓരോരുത്തര്‍ക്കും 94,045 രൂപയുടെ ചെക്ക് നല്‍കാന്‍ മാത്രം ആസ്തി വര്‍ധനയാണ് സമ്പന്നര്‍ക്ക് ഉണ്ടായിട്ടുള്ളത്. മുകേഷ് അംബാനി അടക്കം നൂറ് സമ്പന്നരുടെ ആസ്തിയില്‍ 13 ലക്ഷം കോടിയാണ് വര്‍ധിച്ചത്.
രാജ്യത്ത് ഓരോ മണിക്കൂറിലും ശരാശരി 1.7 ലക്ഷം പേര്‍ക്കാണ് ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടമായത്. എന്നാല്‍ കുമാരമംഗലം ബിര്‍ള, ഗൗതം അദാനി, അസിം പ്രേംജി, സുനില്‍ മിത്തല്‍, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍, സിറസ് പൂനവാല, രാധാകൃഷ്ണ ധമാനി തുടങ്ങിയവരുടെ ആസ്തികളില്‍ വന്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്.
ഓക്‌സ്‌ഫോം റിപ്പോര്‍ട്ട് പ്രകാരം 12.2 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായത്. ഇതില്‍ 75 ശതമാനം തൊഴില്‍നഷ്ടവും അസംഘടിത മേഖലയിലാണ് സംഭവിച്ചിട്ടുള്ളത്. ഇതോടൊപ്പം 300ലധികം അസംഘടിത തൊഴിലാളികള്‍ ദാരിദ്ര്യം, ആത്മഹത്യ, റോഡ് അപകടം, പൊലീസ് ക്രൂരത എന്നിവ മൂലം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 2582 കേസുകള്‍ ഇക്കാലയളവിനുള്ളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
കൊവിഡ് കാലത്ത് ആഗോള സമ്പന്നരുടെ ആസ്തിയില്‍ 19 ശതമാനം വര്‍ധനയാണ് സംഭവിച്ചിട്ടുള്ളത്. ഈ വര്‍ഷം മാത്രം ലോകത്തെ 500 അതിസമ്പന്നര്‍ 809 ബില്യണ്‍ യുഎസ് ഡോളറാണ് നേടിയത്. നൂറ് ദശലക്ഷം പേര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടുണ്ട്. ജെഫ് ബെസോസിന്റെ ആസ്തിയില്‍ 185.5 ബില്യണ്‍ ഡോളറിന്റെയും ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ 197.2 ബില്യണ്‍ ഡോളറിന്റെയും വര്‍ധനയാണ് ഉണ്ടായത്. 2020 ഡിസംബര്‍ വരെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 72 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സാമ്പത്തിക വളര്‍ച്ചയുണ്ടായതോടെ ഓഗസ്റ്റില്‍, അംബാനിയെ ലോകത്തിലെ നാലാമത്തെ ധനികനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോക്ക്‌ഡൌണിന് മുമ്പും ശേഷവുമുള്ള മാസങ്ങളില്‍ കനത്ത തിരിച്ചടിയാണ് സാധാരണക്കാര്‍ക്കുണ്ടായത്. ലോകത്ത് മുന്നറിയിപ്പില്ലാതെ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയതിന് ശേഷം ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ജോലിയോ പണമോ ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ കഷ്ടത്തിലായത്.