പറക്കമുറ്റി ആകാശ എയര്‍ലൈന്‍സ്; ആദ്യ സര്‍വീസ് ജൂണില്‍

March 26, 2022 |
|
News

                  പറക്കമുറ്റി ആകാശ എയര്‍ലൈന്‍സ്;  ആദ്യ സര്‍വീസ് ജൂണില്‍

ഇന്ത്യയുടെ വാരന്‍ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ കമ്പനി ആകാശ എയര്‍ലൈന്‍സ് പറക്കാന്‍ സജ്ജം. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ആകാശ എയര്‍ തങ്ങളുടെ ആദ്യത്തെ ഫ്ളൈറ്റ് ജൂണിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി ചേര്‍ന്നുള്ള എയര്‍ലൈന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലൈസന്‍സുകള്‍ പൂര്‍ണമായി നേടാനുള്ള അവസാനഘട്ട ശ്രമത്തിലാണ് കമ്പനിയെന്നാണ് ചീഫ് എക്സിക്യൂട്ടീവ് വിനയ് ഡൂബെ വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചത്.

എസ്എന്‍വി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആകാശ എയര്‍ലൈന്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.ഒക്ടോബറില്‍ തന്നെ സര്‍ക്കാരില്‍ നിന്ന് കമ്പനിക്ക് എന്‍ഒസി ലഭിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം പെര്‍മിറ്റ് ലഭിക്കുന്നതിന് സാധാരണയായി ആറ് മാസമെടുക്കാറുണ്ട്. ലോഞ്ച് തെയ്ത് 12 മാസത്തിനുള്ളില്‍ 18 വിമാനങ്ങളാണ് എയര്‍ലൈന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം 12 മുതല്‍ 14 വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി.

ബജറ്റ് എയര്‍ലൈന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങള്‍ സ്വന്തമാക്കുമെന്നും ദക്ഷിണേന്ത്യന്‍ നഗരമായ ഹൈദരാബാദില്‍ നടന്ന എയര്‍ ഷോയില്‍ സംസാരിക്കവെ ഡൂബെ വ്യക്തമാക്കി. നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല പ്രമോട്ട് ചെയ്യുന്ന ആകാശ എയര്‍ലൈന്‍സ് ലോ കാസ്റ്റ് എയര്‍ലൈനുകളാണ് പുറത്തിറക്കുക. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റ് ഇന്ത്യന്‍ എയര്‍ലൈനുകളുമായി മത്സരിക്കുന്ന ആകാശ എയര്‍, ഇക്കഴിഞ്ഞ നവംബറില്‍, ഏകദേശം 9 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 72 ബോയിംഗ് 737 മാക്സ് ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി 2022 ഒക്ടോബറിലാണ് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് ആകാശ എയറിന് പ്രാഥമിക അനുമതി ലഭിച്ചത്.

വളരെ കുറഞ്ഞ നിരക്കില്‍ ഉള്ള വിമാന സര്‍വീസുകള്‍ ആണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ബജറ്റ് കാരിയറുകള്‍ക്കായുള്ള വിമാനകമ്പനി ലാഭകരമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജുന്‍ജുന്‍ വാല നടത്തുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ നിക്ഷേപങ്ങളില്‍ ഒന്നു കൂടെയാണിത്. മുന്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് ഇങ്ക് മേധാവി, ഇന്‍ഡിഗോ മേധാവി ആദിത്യഘോഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം ആണ് എയര്‍ലൈന് നേതൃത്വം നല്‍കുന്നത്. 180 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാന്‍ ആകുന്ന വിമാനങ്ങള്‍ ആണ് പരിഗണിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved