
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതിക്കു യൂറോപ്യന്‍ വിപണികളില്‍ കനത്ത വെല്ലുവിളി. വിയറ്റ്‌നാം, യുഗാണ്ട, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നം ലഭ്യമാക്കുന്നതു വയനാട്ടിലെയും കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും കാപ്പി കര്‍ഷകരെ കൂടുതല്‍ പ്രയാസത്തിലാക്കുമെന്ന് ആശങ്ക.ഇറ്റലി, ജര്‍മനി, ബല്‍ജിയം, സ്‌പെയിന്‍ തുടങ്ങിയവയാണു യൂറോപ്പില്‍ ഇന്ത്യന്‍ കാപ്പിയുടെ പ്രധാന വിപണികള്‍. റൊബസ്റ്റ, അറബിക്ക ഇനങ്ങള്‍ക്കു പുറമെ ഇന്‍സ്റ്റന്റ് കോഫിയും ഇന്ത്യ ഈ വിപണികളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനവും കയറ്റുമതി ചെയ്യുകയാണ്.
മെച്ചപ്പെട്ട വിളവെടുപ്പും കറന്‍സിയുടെ മൂല്യശോഷണവും മൂലം ഏതാനും മാസങ്ങളായി ബ്രസീലില്‍നിന്നു കുറഞ്ഞ വിലയ്ക്കു കൂടുതല്‍ കാപ്പി വിദേശ വിപണികളില്‍ എത്തുന്നുണ്ടായിരുന്നു. ഉല്‍പാദനത്തില്‍ പ്രാമുഖ്യമുള്ള വിയറ്റ്‌നാമും അതോടെ കുറഞ്ഞ വിലയ്ക്കു കാപ്പി ലഭ്യമാക്കാന്‍ തുടങ്ങി. അതിനിടെ ഇപ്പോള്‍ യുഗാണ്ടയും കുറഞ്ഞ വിലയ്ക്കു കാപ്പി ലഭ്യമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ടണ്ണിന് 200 ഡോളര്‍ വരെ വിലക്കുറവോടെയാണു യുഗാണ്ടയില്‍നിന്നുള്ള റൊബസ്റ്റ വില്‍പന.
ഇന്ത്യയില്‍നിന്നുള്ള കാപ്പിയുടെ ഏറ്റവും വലിയ വിപണികളിലൊന്ന് ഇറ്റലിയാണ്. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്കാണ് അവിടെ കൂടുതല്‍ വിപണി വിഹിതം. ഇന്ത്യയില്‍നിന്നുള്ള കാപ്പിക്കു കടുത്ത മത്സരം നേരിടുന്നതും ഇറ്റലിയില്‍ത്തന്നെ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയിലെ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ അവിടെ വിലക്കുറവുള്ള കാപ്പിക്കു ഡിമാന്‍ഡ് വര്‍ധിക്കുന്നതു സ്വാഭാവികം. കഴിഞ്ഞ വര്‍ഷം ജനുവരി ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് 50,513 ടണ്‍ കാപ്പി ഇറ്റലിയിലേക്കു കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞു.
എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി ജൂണ്‍ കാലയളവില്‍ കയറ്റുമതി ചെയ്തതു 36,547 ടണ്‍ മാത്രം. 27.6 ശതമാനത്തിന്റെ കുറവ്.ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10% വരെ വിലയിടിവുണ്ടായതു മൂലം വയനാട് ഉള്‍പ്പെടെയുള്ള മേഖലകളിലെ കാപ്പി കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണു വിദേശ വിപണികളില്‍നിന്നുള്ള തിരിച്ചടി. ഇന്ത്യയില്‍നിന്ന് ഇറ്റലിയിലേക്കുള്ള റൊബസ്റ്റ കയറ്റുമതിയില്‍ 75 ശതമാനത്തോളവും വയനാട്ടില്‍നിന്നാണ്.
രാജ്യാന്തര വിപണികളില്‍ ഏറെക്കാലമായി കുരുമുളകു നേരിടുന്ന അതേ വെല്ലുവിളിയാണ് ഇപ്പോള്‍ കാപ്പിക്കു നേരിടേണ്ടിവന്നിരിക്കുന്നത്. ഉല്‍പാദക രാഷ്ട്രങ്ങളെല്ലാം വില കുറച്ച് ഉല്‍പന്നം ലഭ്യമാക്കുകയാണ്. ഇന്ത്യയില്‍നിന്നുള്ള കുരുമുളകിന്റെ പകുതി വിലയ്ക്കാണു രാജ്യാന്തര വിപണിയില്‍ വിയറ്റ്നാമിന്റെ വില്‍പന. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിനു ടണ്ണിന് 4700 യുഎസ് ഡോളറാണു വില. വിയറ്റ്നാമിന്റെ നിരക്ക് 2300 ഡോളര്‍ മാത്രം. ഇന്തൊനീഷ്യയുടെ നിരക്ക് 2400 ഡോളര്‍. ശ്രീലങ്കയുടെ വില്‍പന 2900 ഡോളറിന്.