
മുംബൈ: 6 ദശലക്ഷം ചതുരശ്രയടിയുടെ ഗ്രീന്‍ഫീല്‍ഡ് വികസന അവസരം പ്രാപ്യക്കുന്നതിന് ഇന്ത്യയുടെ ഡാറ്റാ സെന്റര്‍ മേഖലയ്ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമാണെന്ന് ജെഎല്‍എല്‍ റിപ്പോര്‍ട്ട്. '2020 ഇന്ത്യ ഡാറ്റാ സെന്റര്‍ മാര്‍ക്കറ്റ് അപ്‌ഡേറ്റ്' എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ഡാറ്റാ സെന്റര്‍ വ്യവസായം നിലവിലെ 447 മെഗാവാട്ട് ശേഷിയില്‍ നിന്ന് 2023ഓടെ 1,007 മെഗാവാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
5 ജി, ഐഒടി-ലിങ്ക്ഡ് ഉപകരണങ്ങള്‍, ഡാറ്റാ ലോക്കലൈസേഷന്‍, ക്ലൗഡിലേക്കുള്ള മാറ്റം എന്നിവയുടെ ഫലമായി ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലുള്ള ആശ്രയം വര്‍ധിക്കുമ്പോള്‍ ആവശ്യകത ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. '2020 ല്‍ ഇന്ത്യയുടെ കോലൊക്കേഷന്‍ ഡാറ്റാ സെന്റര്‍ വ്യവസായം അഭൂതപൂര്‍വമായ 102 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലെയും അമേരിക്കയിലെയും മിക്ക പ്രധാന വിപണികളേക്കാളും ഉയര്‍ന്ന തലമാണിത്. ക്ലൗഡിലേക്കുള്ള മാറ്റം, വര്‍ധിച്ചുവരുന്ന ഡിജിറ്റലൈസേഷന്‍, അനുയോജ്യമായ നിയമനിര്‍മാണം എന്നിവയിലെ ദീര്‍ഘകാല പ്രവണതകള്‍ മൂലം രാജ്യവ്യാപകമായി കോലൊക്കേഷന്‍ ആവശ്യകത വര്‍ധിക്കുമെന്നാണ് കരുതുന്നത്, ''ജെഎല്‍എല്ലിലെ ഡാറ്റാ സെന്റര്‍ അഡൈ്വസറി (ഇന്ത്യ) ഹെഡ് രചിത് മോഹന്‍ പറഞ്ഞു.
വര്‍ധിച്ചുവരുന്ന ആവശ്യം ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍മാരെയും ഡെവലപ്പര്‍മാരെയും അഭിലഷണീയമായ വിപുലീകരണ പദ്ധതികള്‍ പിന്തുടരാന്‍ പ്രേരിപ്പിച്ചു. അതേസമയം ചില കമ്പനികള്‍ ഇന്ത്യന്‍ വിപണികളിലേക്ക് പ്രവേശിക്കുന്നതിന് ഏറ്റെടുക്കല്‍ മാര്‍ഗം സ്വീകരിച്ചു, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2019ല 350 മെഗാവാട്ടില്‍ നിന്ന് 2020 ല്‍ 447 മെഗാവാട്ടിലെത്തിയ കോലൊക്കേഷന്‍ ശേഷി 28 ശതമാനം വര്‍ധിച്ചു.
2021-23 കാലയളവില്‍ മുംബൈയും ചെന്നൈയും ഈ മേഖലയുടെ മൊത്തം ശേഷി വര്‍ധനയുടെ 73 ശതമാനം പങ്കാളിത്തം വഹിക്കും. ഹൈദരാബാദ്, ന്യൂഡെല്‍ഹി-എന്‍സിആര്‍ തുടങ്ങിയ നഗരങ്ങള്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകളായി മാറുന്നു. നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ കാരണം ആഗോള ക്ലൗഡ് കമ്പനികള്‍ മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിലെ വിപുലീകരണം തുടരുകയാണ്. അതേസമയം ഹൈദരാബാദ് പോലുള്ള പുതിയ വിപണികളും വിപുലീകരണത്തിന്റെ വേഗത കൈവരിക്കുന്നു.