
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യന്‍ വജ്ര വ്യവസായത്തിന് തിരിച്ചടി. കോവിഡിന് ശേഷം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 24 ബില്യണ്‍ ഡോളര്‍ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കേയാണ് യുദ്ധമുണ്ടാക്കിയ പ്രതിസന്ധി. ആഗോളതലത്തില്‍ ഏകദേശം 30 ശതമാനം അസംസകൃത വജ്രങ്ങള്‍ വിതരണം ചെയ്യുന്നത് റഷ്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ അല്‍റോസയാണ്. ഇത്തരം വജ്രങ്ങള്‍ ഇന്ത്യയിലെത്തുന്നതിന് നിര്‍ണായക ഉറവിടവുമാണ് അല്‍റോസ.
ഇവിടത്തെ 80-90 ശതമാനം ഇറക്കുമതിയും ഇന്ത്യയിലേക്കാണ്. പിന്നീട് കട്ടിംഗ് ആന്‍ഡ് പോളിഷിംഗ് ചെയ്ത് കയറ്റുമതി ചെയ്യുകയാണ് രീതി. അതുകൊണ്ടു തന്നെ ഉപരോധം വജ്ര വ്യവസായത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ വിതരണ പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ച് ഗുജറാത്തിലെ സൂററ്റിലും പരിസരത്തുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ് ആന്‍ഡ് പോളിഷിംഗ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യുദ്ധത്തിന്റെ ഫലമായി അസംസ്‌കൃത വജ്രങ്ങളുടെ വില കുതിച്ചുയരുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
എട്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായത്തില്‍ യുദ്ധത്തിന്റെ സ്വാധീനം കാര്യമായ രീതിയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ വജ്രഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുകയും അത് ഇന്ത്യയില്‍ വജ്ര വ്യവസായത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. ഇന്ത്യയില്‍ പോളിഷ് ചെയ്ത വജ്രങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് യുഎസാണ്.