
ഡല്‍ഹി: ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് പത്തു വര്‍ഷത്തിനകം 230 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല പത്തുവര്‍ഷ കാലയളവിനുള്ളില്‍ 40 മുതല്‍ 50 കോടി ഷോപ്പറുമാര്‍ വരെ ഓണ്‍ലൈന്‍ മേഖലയില്‍ എത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിക്ക ഓണ്‍ലൈന്‍ വില്‍പന ഭീമന്മാരും തങ്ങളുടെ ഓഫ്‌ലൈന്‍ റീട്ടെയില്‍ വിഭാഗങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ്.
കുറഞ്ഞ ഡാറ്റാ താരിഫ് മുതല്‍ ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടേയും വളര്‍ച്ച വര്‍ധിച്ചതോടെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലും വര്‍ധനയുണ്ടായിരുന്നു. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ 10 കോടി ഓണ്‍ലൈന്‍ ഷോപ്പര്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി എന്നത് ടയര്‍ വണ്‍ നഗരങ്ങളില്‍ ഗണ്യമായി വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍.
ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണി 23 ശതമാനം നിരക്കില്‍ വളരുമെന്ന് പഠനം
ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണി പ്രതിവര്‍ഷം ശരാശരി 23 ശതമാനം നിരക്കില്‍ വളരുമെന്ന് അമേരിക്കന്‍ ധനകാര്യസ്ഥാപനമായ 'ജെഫ്രീസി'ന്റെ പഠനം വെളിപ്പെടുത്തിയിരുന്നു. 2030-ഓടെ ഈ വിപണി 17,000 കോടി ഡോളറിന്റേതാകുമെന്നാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.അതായത്, ഏതാണ്ട് 12,00,000 കോടി രൂപ. ഈ വര്‍ഷം ഏപ്രിലിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഇന്ത്യയിലെ സംഘടിത റീട്ടെയില്‍ വിപണിയുടെ 25 ശതമാനമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണി. ഇത് 37 ശതമാനമായി വളരുമെന്ന് പഠനം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണി രാജ്യത്ത് ഇപ്പോള്‍ 1,800 കോടി ഡോളറാണ്. അതായത്, 1,26,000 കോടി രൂപ. ഓരോ ഓണ്‍ലൈന്‍ ഇടപാടുകാരും പ്രതിവര്‍ഷം ശരാശരി 12,800 രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
അത്, 25,138 രൂപയിലെത്തുമെന്നാണ് പഠനം പറയുന്നത്. ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങള്‍ എന്നിവയ്ക്കപ്പുറത്തേക്ക് ഈ വിപണി വളരും. ഉയര്‍ന്ന വിലക്കിഴിവ്, കാഷ് ബാക്ക് ഓഫറുകള്‍ എന്നിവയിലൂടെ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വിപണി പിടിച്ചിട്ടുണ്ട്.