
കോവിഡ് 19 മൂലം സംജാതമായ സാമ്പത്തിക പ്രത്യാഘാതത്തെ നേരിടാന്‍ സര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍, ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ കേന്ദ്രത്തിന്റെ മൊത്തം ചെലവ് ഏകദേശം 1.07 ലക്ഷം കോടി രൂപ അഥവാ 11.3 ശതമാനം വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പോയ വര്‍ഷം ഇതേ കാലയളവില്‍ 9.47 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രത്തിന്റെ ചെലവ്. ഈ വര്‍ഷമിത് 10.54 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ശമ്പളം നല്‍കുന്നതും മറ്റ് പതിവ് ചെലവുകളും പോലുള്ള റവന്യൂ അക്കൗണ്ടിലായിരുന്നു ഈ ചെലവിന്റെ ഭൂരിഭാഗവും. റെക്കോര്‍ഡ് ജിഡിപി സങ്കോചത്തിന്റെ പശ്ചാത്തലത്തില്‍, സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ചെലവ് വര്‍ധന ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഉള്‍പ്പടെയുള്ള വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇതുവരെ, വിതരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഡിമാന്‍ഡ് ഉത്തേജിപ്പിക്കുന്ന ഒരു ശ്രമം അത്യാവശ്യമാണ്. അഗ്രസ്സിവ് അസറ്റ് മോണിറ്റൈസേഷന്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ഓഹരി വില്‍പ്പന എന്നിവയിലൂടെ അത്തരം ചെലവുകള്‍ക്കുള്ള വിഭവങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് പ്രചോദിപ്പിച്ച പണലഭ്യത നടപടികള്‍, രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള പണ കൈമാറ്റം, ഇടത്തരം ഘടനാപരമായ നടപടികള്‍ എന്നിവ 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ പാക്കേജിനെ ആശ്രയിച്ചുള്ളതായിരുന്നു. 2020 ഏപ്രില്‍-ജൂലൈ കാലയളവില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് മൊത്തം 10,54,209 കോടി രൂപയാണ്, അതില്‍ 9,42,360 കോടി രൂപ റവന്യൂ ചെലവും 1,11,849 കോടി രൂപ മൂലധനച്ചെലവുമാണ്.
മൊത്തം വരുമാനച്ചെലവില്‍ 1,98,584 കോടി രൂപ പലിശയടവും 1,04,638 കോടി രൂപ പ്രധാന സബ്സിഡികള്‍ കാരണവുമാണെന്നും ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ഈ ചെലവ് പര്യാപ്തമല്ലായിരിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റിസര്‍വ് ബാങ്ക് പോലും കഴിഞ്ഞ മാസം പുറത്തിറക്കിയ 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുര്‍ബലമായിട്ടുണ്ടെന്നും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാന തുറമുഖങ്ങളുടെ സ്വകാര്യവത്ക്കരണത്തിലൂടെയും ധനസമ്പാദനത്തിലൂടെയും 'ലക്ഷ്യമിട്ട പൊതുനിക്ഷേപം' നിര്‍ദേശിക്കുകയുണ്ടായി. മൊത്തം സ്ഥിര മൂലധന രൂപീകരണം കണക്കാക്കിയ നിക്ഷേപ പ്രവര്‍ത്തനം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 47 ശതമാനം ചുരുങ്ങി. മഹാമാരിയുടെ ആഘാതം പതിവായി നേരിടേണ്ടി വരുമെന്നതിനാല്‍, അവ കണക്കാക്കി മുന്നോട്ട് പോവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.