
മുംബൈ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഗതി സൂചിപ്പിക്കുന്ന 22 സൂചികകളില്‍ 19 എണ്ണവും കോവിഡിനു മുന്‍പത്തെ നിലയെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. രാജ്യം കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളി മറികടന്നതിന്റെ തെളിവാണിത്. 19 സൂചികകള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 2019ലെ സമാന മാസങ്ങളിലെ നിലയെക്കാള്‍ കാര്യമായ വര്‍ധന നേടിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് ടോള്‍ പിരിവ് 157% ഉയര്‍ന്ന് ഒക്ടോബറില്‍ 108 കോടിയായി. യുപിഐ പണമിടപാടുകള്‍ (422 കോടി രൂപ) നാലിരട്ടിയായി. ഇവേ ബില്‍ ഇരട്ടിയായി 7.4കോടി എത്തി. കല്‍ക്കരി ഖനനം 131% ഉയര്‍ന്ന് 114 മില്യന്‍ ടണ്‍ ആയി.
കയറ്റുമതി, രാസവളം വില്‍പന, വൈദ്യുതോപയോഗം, റയില്‍വേ ചരക്കുനീക്കം, ട്രാക്ടര്‍ വില്‍പന, തുറമുഖ ചരക്കു നീക്കം, ഇന്ധനോപയോഗം, വിമാനചരക്കുനീക്കം, വ്യവസായോല്‍പാദന സൂചിക, 8 അടിസ്ഥാന വ്യവസായവളര്‍ച്ചത്തോത് എന്നിവയെല്ലാം ഗണ്യമായ വര്‍ധനയാണു നേടിയത്. കോവിഡിനു മുന്‍പത്തെ സ്ഥിതിയിലേക്ക് എത്താത്തത് 3 വിഭാഗങ്ങള്‍ മാത്രമാണ്. ഉരുക്ക് ഉപയോഗം 2019 ഒക്ടോബറിലെ നിലയുടെ 99% വരെയേ ഇക്കുറി എത്തിയിട്ടുള്ളൂ. രാജ്യത്തെ വാഹന വില്‍പന അന്നത്തേതിന്റെ 86%, വിമാനയാത്രക്കാരുടെ എണ്ണം അന്നത്തേതിന്റെ 66% എന്നിങ്ങനെയേ ആയിട്ടുള്ളൂ.