
ലണ്ടന്‍: ഏഴു ശതമാനം വളര്‍ച്ചയില്‍ നിന്നിരുന്ന രാജ്യം വളരെ വേഗം അഞ്ചിലേക്ക് എത്തുമ്പോള്‍ ഉണ്ടാകുന്ന ഭയത്തിന്റെ തോത് തീരെ ചെറുതല്ല. ഇന്ത്യയുടെ സര്‍വ്വ മേഖലയിലും സാമ്പത്തിക തളര്‍ച്ചയുടെ സൂചനകള്‍ കാണിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വന്‍ലാഭത്തില്‍ ഓടുന്ന പൊതുമേഖലാ കമ്പനികള്‍ സര്‍ക്കാര്‍ വില്‍ക്കാനിടുന്നു, ബാങ്കുകളുടെ പലിശ നിരക്ക് കുറച്ചു സാധാരണക്കാര്‍ക്കും വായ്പ നല്‍കി പണത്തിന്റെ കറക്കം സുഗമമാക്കുന്നു. പണം എല്ലായിടത്തും എത്തുന്നു എന്നുറപ്പിക്കാന്‍ അടിസ്ഥാന വികസന മേഖലയില്‍ 102 ലക്ഷം കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ഇന്ത്യന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ.
ഇതെല്ലം തെളിയിക്കുന്നത് ഇന്ത്യ സാമ്പത്തിക പ്രയാസത്തിന്റെ കാലഘട്ടത്തിലൂടെ നീങ്ങുന്നു എന്നു തന്നെയാണ്. എന്നാല്‍ ഈ ആശങ്കള്‍ വെറും താല്‍ക്കാലികം എന്നാണ് ലണ്ടനിലെ സെന്റര്‍ ഫോര്‍ എക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കേവലം ആറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോക നാലാം നമ്പറില്‍ തിളങ്ങും എന്നാണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
ഇന്ത്യയുടെ വളര്‍ച്ച വരച്ചിടുന്ന റിപ്പോര്‍ട്ടില്‍ യൂറോപ്പിന്റെ തളര്‍ച്ചയും എടുത്തു പറയുന്നുണ്ട്. യൂറോപ്പിലെ ഒറ്റ രാജ്യം പോലും സാമ്പത്തിക മികവു കാട്ടുന്നില്ല എന്ന് വ്യക്തമാക്കുമ്പോള്‍ അമേരിക്കയുടെ പുറത്തു സമ്പത്തു കുമിഞ്ഞു കൂടുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. ഇതോടെ സാമ്പത്തിക ചലനം പടിഞ്ഞാറു നിന്നും കിഴക്കോട്ടു കേന്ദ്രീകരിക്കുന്ന പ്രവണത അടുത്ത ദശാബ്ദത്തിലും തുടരും എന്ന സൂചന കൂടിയാണ് ഈ റിപ്പോര്‍ട്ട് പങ്കിടുന്നത്. ജര്‍മ്മനിക്കു മുകളില്‍ ആധിപത്യം സ്ഥാപിച്ചാകും ഇന്ത്യയുടെ കുതിപ്പേന്ന് സിഇബിആര്‍ റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ നിലവിലെ പല ഭീമന്മാരുടെയും തകര്‍ച്ചയും വരാനിരിക്കുന്ന ദശാബ്ദം പങ്കുവയ്ക്കുന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. ഇതിന്റെ രാഷ്ട്രീയ, സാമ്പത്തിക ആഘാതങ്ങളും ചെറുതാകില്ല. മുന്നില്‍ നിന്നവര്‍ പിന്നിലേക്ക് മാറുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ രാഷ്ട്രീമായ മേല്‍ക്കോയ്മാകളുടെ ആധിപത്യ മനോഭാവവും അട്ടിമറിക്കാന്‍ കാരണമാകും.
ഈ നൂറ്റാണ്ടു തുടങ്ങുമ്പോള്‍ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നതായിരുന്നു ലോക സാമ്പത്തിക ക്രമം. സ്വാഭാവികമായും ഈ രാജ്യങ്ങളുടെ ശബ്ദം ലോക വേദികളില്‍ ഏവരുടെയും ശ്രദ്ധ നേടി. എന്നാല്‍ വരും ദശാബ്ദത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വരം ദുര്‍ബലമായി മാറും എന്നുറപ്പാണ്. ആ നിരയിലേക്ക് ഇന്ത്യയും ചൈനയും ജപ്പാനുമാണ് കടന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മേല്‍ക്കോയ്മ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ശ്രമം ഇപ്പോഴേ തുടങ്ങിയതായി സംശയിക്കേണ്ടിയിരിക്കുന്നത്.
ഇയ്യിടെ മലേഷ്യ മുന്‍കൈ എടുത്തു നടത്തിയ മുസ്ലിം രാജ്യങ്ങളുടെ സൗഹൃദ കൂട്ടായ്മയും കാശ്മീര്‍ വിഷയം കൂടി ചര്‍ച്ച ചെയ്യാന്‍ സൗദി മുന്‍കൈ എടുത്തു പാക്കിസ്ഥാന്‍ വേദിയാകുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ എന്ന കൂട്ടായ്മയും സാമ്പത്തിക അച്ചുതണ്ട് കീഴ്മേല്‍ മറിയുന്നതിന്റെ ആദ്യ രാഷ്ട്രീയ സൂചകമായി മാറുകയാണ്. കശ്മീരില്‍ നിലപട് കടുപ്പിച്ച ഇന്ത്യ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീര്‍ ആണെന്ന് പരസ്യമായി പറഞ്ഞതിനെ തുടര്‍ന്ന് കയ്യും കെട്ടിയിരിക്കാന്‍ പാക്കിസ്ഥാന് ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദം അനുവദിക്കുന്നില്ല എന്നതും പുതിയ ശാക്തിക ചേരികളുടെ ഉയിര്‍പ്പിനു കാരണമായി മാറുന്നുണ്ട്.
പോയ വര്‍ഷം ലോക സമ്പദ് ഉല്‍പാദനത്തില്‍ അമേരിക്ക 24.8 ശതമാനവും തങ്ങളുടെ അധീനതയില്‍ ഉറപ്പിച്ചിരിക്കുക ആണെന്നും സി ഇ ബി ആര്‍ റിപ്പോര്‍ട്ട് പറയുന്നത്. അടുത്ത പത്തുവര്‍ഷവും അമേരിക്ക തന്നെ മുന്നില്‍ നില്‍ക്കുമെങ്കിലും 2033 ല്‍ ചൈന അമേരിക്കയുടെ മേല്‍ ആധിപത്യം കാട്ടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു തടയിടാന്‍ ആവുന്നതെല്ലാം അമേരിക്ക ചെയ്യുമെങ്കിലും അനിവാര്യമായതു സംഭവിക്കാതിരിക്കില്ല എന്നതാണ് സമ്പദ് ചലന സൂചനകള്‍ വ്യക്തമാക്കുന്നത്. ചൈനായുടെ മുന്നേറ്റം ഇപ്പോഴത്തെ പ്രവചനം അനുസരിച്ചു മൂന്നു വര്‍ഷം കൂടി പിന്നോട്ടിറങ്ങിയിരിക്കുകയാണ്.
2030ല്‍ തന്നെ ചൈന ലോക മുന്‍ നിര രാജ്യമാകും എന്നാണ് പറയപ്പെട്ടിരുന്നത്. ചൈനയുടെ മുന്നേറ്റം തടയാന്‍ സ്വാഭാവികമായും ഇന്ത്യയുടെ കൂടെ നില്‍ക്കുക എന്ന തന്ത്രം അമേരിക്ക പയറ്റുമ്പോള്‍ ഇന്ത്യയെ തളര്‍ത്താന്‍ മേഖലയിലെ ചെറു രാജ്യങ്ങളായ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ എന്നിവയടക്കം ഉള്ള രാജ്യങ്ങളെയും മലേഷ്യയും ഇന്തോനേഷ്യയും സൗദിയും പാക്കിസ്ഥാനും ചേരുന്ന ഒഐസി രാഷ്ട്രങ്ങളെയും കൂടെ കൂട്ടുക എന്നതാകും ചൈനയുടെ തന്ത്രവും. ഇതോടെ മേഖലയില്‍ രാഷ്ട്രീയ അസ്വാരസ്യത ഒഴിഞ്ഞു നില്‍ക്കുന്ന സമയവും ഉണ്ടാകില്ലെന്ന് വ്യക്തം. അടുത്ത ദശാബ്ദം ഈ സാധ്യതയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു വളര്‍ച്ചയ്‌ക്കൊപ്പം തലവേദനയും സൃഷ്ടിക്കും.
അതേ സമയം ചൈനീസ് സമ്പദ് രംഗത്തെ കുറിച്ച് മേഖലയിലാകെ ആശങ്ക ഉണ്ടെങ്കിലും സാമ്പത്തിക മാന്ദ്യം അതിന്റെ രൂക്ഷതയില്‍ ചൈനയെ ബാധിക്കില്ലെന്നാണ് സിഇബിആര്‍ റിപ്പോര്‍ട്ട് പറയുന്നത്. മാത്രമല്ല സാമ്പത്തിക കുതിപ്പില്‍ ശ്രദ്ധ നല്‍കിയിരുന്ന രാജ്യം അടുത്ത പത്താണ്ടു ജനങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക. ലോക പദവിയില്‍ മുന്നേറ്റം നടത്തുമ്പോള്‍ തീര്‍ച്ചയായും ഇക്കാര്യത്തിന് പ്രാധാന്യവുമുണ്ട്. ഫ്രാന്‍സിനെയും ബ്രിട്ടനേയും മറികടന്ന ഇന്ത്യക്കു മുന്നില്‍ ജര്‍മ്മനിയാണ് തടസമായി നില്‍ക്കുന്നത്.
എന്നാല്‍ 2026ല്‍ ജര്‍മ്മനിയെ പിന്തള്ളി ഇന്ത്യ നാലാം നിരയിലേക്ക് എത്തുന്നതിനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഇതോടെ ഇന്ത്യന്‍, ചൈനീസ്, ജാപ്പനീസ് സമ്പദ് രംഗത്തിനു ലോകത്തിനു മേല്‍ ആധിപത്യ ശക്തിയായി നിലകൊള്ളാന്‍ കഴിയും. നിലവിലെ സാമ്പത്തിക ഞെരുക്കം മൂലം ഇന്ത്യന്‍ വളര്‍ച്ച രണ്ടു വര്‍ഷം പിന്നോട്ടിറങ്ങുകയാണ്.
നേരത്തെ ഇന്ത്യയ്ക്കു നാലാം സ്ഥാനം കല്‍പിക്കപ്പെട്ടിരുന്നത് 2024ല്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ബ്രിട്ടന് മേല്‍ വളരും എന്ന് കരുതിയിരുന്ന ഫ്രഞ്ച് സമ്പദ് ഘടനക്കു ബ്രക്സിറ്റ് നല്‍കിയ തിരിച്ചടി ഏറെ വലുതാണ്. പിന്നിട്ട വര്‍ഷങ്ങളില്‍ തന്നെ ഫ്രാന്‍സ് സാമ്പത്തികമായി ബ്രിട്ടനു മേല്‍ വളരുമെന്ന് കരുത്തപ്പെട്ടിരുന്നെകിലും ബ്രക്സിറ്റ് സംഭവിക്കും എന്നായതോടെ ഫ്രഞ്ച് സമ്പദ് രംഗം ചുരുങ്ങുകയാണ്. ഇപ്പോള്‍ യൂറോപ്പിന്റെ ബാധ്യതകള്‍ ഫ്രാന്‍സിനും ജര്‍മ്മനിക്കും ആയതോടെ വലിയ തോതില്‍ ഉള്ള സാമ്പത്തിക ഭാരമാണ് ഇരു രാജ്യങ്ങള്‍ക്കും സംഭവിക്കുക.
ഇത് ഫ്രാന്‍സിനെ ഏറെ പിന്നോട്ടടിക്കും. ഇതുകൊണ്ട് കൂടിയാണ് ബ്രക്‌സിറ്റ് വേണമെന്ന ആവശ്യം ആ രാജ്യത്തു സജീവമാകുന്നതും. ബ്രിട്ടീഷ് സമ്പദ് രംഗം 2034 ല്‍ ഫ്രാന്‍സിനേക്കാള്‍ നാലിലൊന്നു കൂടി വളര്‍ച്ച നേടി യൂറോപ്പിലെ കരുത്തരായി നില്‍ക്കാന്‍ ബ്രിട്ടന് അവസരം നല്‍കും എന്നതാണ്. ഇതോടെ ബ്രക്‌സിറ്റ് ദീര്‍ഘകാല ഭാവിയില്‍ ബ്രിട്ടന് തുണയാകും എന്ന വാദം ഉന്നയിച്ചവര്‍ക്ക് ആശ്വസിക്കാന്‍ ഉള്ള വകകൂടി നല്‍കുകയാണ് സിഇബിആര്‍ റിപ്പോര്‍ട്ട്.
മികച്ച വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാരെ ആകര്‍ഷിക്കുക വഴി കാനഡയും ഓസ്‌ട്രേലിയയും നേട്ടം ഉണ്ടാക്കുന്ന കാലം കൂടിയാണ് അടുത്ത ദശാബ്ദം. രണ്ടു രാജ്യങ്ങളിലും മലയാളികള്‍ വ്യാപകമായി കുടിയേറിക്കൊണ്ടിരിക്കുകയാണ്. ഇതോടെ മലയാളി ചെല്ലുന്നിടത്തേളം നല്ല കാലം എന്ന സ്ഥിതിയാകും. അടുത്ത പത്തു വര്‍ഷം കഴിയുമ്പോള്‍ ക്രമാഗതമായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കി കാനഡ ലോക ക്രമത്തില്‍ എട്ടാം സ്ഥാനത്തും ഓസ്‌ട്രേലിയ 13-ാം സ്ഥാനത്തും എത്തും എന്നാണ് നിഗമനം.
മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ എത്തുന്ന രണ്ടു രാജ്യങ്ങളാണ് കാനഡയും ഓസ്‌ട്രേലിയയും. ഓയില്‍ വില തകര്‍ന്നാലും ഇന്ധന മേഖലയിലെ സുരക്ഷിതവും വൈവിധ്യവും ആയ നിക്ഷേപം വഴി റഷ്യയുടെ നിലവിലെ സ്ഥിതി കാര്യമായി തകരാറില്‍ ആകില്ല എന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരാമര്‍ശം. നിലവിലെ പതിനൊന്നാം സ്ഥാനത്തു നിന്നും ഒരു പടി ഇറങ്ങി 12 സ്ഥാനത്തു നില്‍ക്കാന്‍ റഷ്യയും ഉണ്ടാകും, അടുത്ത പതിറ്റാണ്ടില്‍.