ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2021ല്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ

January 27, 2021 |
|
News

                  ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2021ല്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ

ലോക്ക്ഡൗണും കൊവിഡ് ആശങ്കകളും മുന്‍നിര്‍ത്തി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പോയവര്‍ഷം 9.6 ശതമാനം ചുരുങ്ങുമെങ്കിലും 2021ല്‍ 7.3 ശതമാനം വളര്‍ച്ച രാജ്യം തിരിച്ചുപിടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). കഴിഞ്ഞവര്‍ഷം 4.3 ശതമാനം ഇടിവാണ് ആഗോള സമ്പദ്വ്യവസ്ഥ നേരിട്ടത്. 2009 -ലെ സാമ്പത്തിക മാന്ദ്യത്തെക്കാളും രണ്ടിരട്ടി ഭീകരമാണ് 2020 -ലെ കൊവിഡ് ഭീഷണിയും സാമ്പത്തിക തകര്‍ച്ചയും. 2021 -ല്‍ ആഗോള സമ്പദ്ഘടന 4.7 ശതമാനം വളര്‍ച്ചയായിരിക്കും രേഖപ്പെടുത്തുകയെന്ന് ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹ്യകാര്യ വകുപ്പ് അറിയിച്ചു. 2019 -ല്‍ 4.7 ശതമാനം വളര്‍ച്ച കുറിച്ച ഇന്ത്യ 2020 -ല്‍ 9.6 ശതമാനം തകര്‍ച്ച നേരിടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ 2021 -ല്‍ വളര്‍ച്ചയുടെ പാതയിലേക്ക് ഇന്ത്യ അതിവേഗം തിരിച്ചെത്തും.

ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തില്‍ കൊവിഡിന് ശേഷം ഇന്ത്യയായിരിക്കും ലോകരാജ്യങ്ങളില്‍ ഏറ്റവും വലിയ വളര്‍ച്ച കുറിക്കുക. 7.2 ശതമാനം വളര്‍ച്ച ചൈനയുടെ കാര്യത്തിലും യുഎന്‍ പ്രവചിക്കുന്നുണ്ട്. നടപ്പു സാമ്പത്തികവര്‍ഷത്തെ ചിത്രം അടിസ്ഥാനപ്പെടുത്തിയാല്‍ 5.7 ശതമാനം തകര്‍ച്ച ഇന്ത്യ നേരിടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2021 സാമ്പത്തികവര്‍ഷം 7 ശതമാനം വളര്‍ച്ച രാജ്യം തിരികെപ്പിടിക്കും. എന്നാല്‍ 2022 സാമ്പത്തികവര്‍ഷം 5.6 ശതമാനമായി ഇന്ത്യയുടെ വളര്‍ച്ച നിജപ്പെടുമെന്ന് ഐക്യരാഷ്ട്ര സഭ സൂചിപ്പിച്ചു. 2021 വര്‍ഷം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കാഴ്ച്ചവെക്കുന്ന 6.9 ശതമാനം വളര്‍ച്ച പോയവര്‍ഷത്തെ നഷ്ടങ്ങള്‍ നികത്താന്‍ പോരാതെ വരുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

കൊവിഡ് മഹാമാരിയും ആഗോള സാമ്പത്തിക പ്രതിസന്ധിയും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്. 2021 -ല്‍ വ്യാപാര ഇടപാടുകളും നിക്ഷേപങ്ങളും വര്‍ധിക്കുമെങ്കിലും കൊവിഡ് ഭീതി ഈ രാജ്യങ്ങളില്‍ തുടരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. ഇതേസമയം, ബംഗ്ലാദേശും നേപ്പാളും പോലുള്ള ടൂറിസം മേഖലയെ ശക്തമായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ 2021 -ല്‍ 10 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ഏപ്രിലോടെ ആഗോള തൊഴില്‍ മേഖലയില്‍ 81 ശതമാനം ആളുകളെയും (2.7 ബില്യണ്‍ തൊഴിലാളികള്‍) ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധിച്ചു. 2020 രണ്ടാം പകുതിയോടെ തൊഴിലില്ലായ്മ നിരക്കും കുത്തനെ കൂടി. നൈജീരിയ (27 ശതമാനം), ഇന്ത്യ (23 ശതമാനം), കൊളംബിയ (21 ശതമാനം) എന്നീ രാജ്യങ്ങളാണ് കൊവിഡ് ഭീതിയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് പ്രകടമാക്കിയത്. എന്തായാലും ലോക്ക്ഡൗണിന് ശേഷം ബ്രസീല്‍, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ സേവന മേഖലകള്‍ വന്‍മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved