ഇന്ത്യന്‍ സമ്പദ്ഘടന 5 ശതമാനം ചുരുങ്ങുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ്

May 28, 2020 |
|
News

                  ഇന്ത്യന്‍ സമ്പദ്ഘടന 5 ശതമാനം ചുരുങ്ങുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സമ്പദ്ഘടന നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ്. കൊവിഡ് പകര്‍ച്ചവ്യാധി നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ ദേശീയ ലോക്ക്ഡൗണ്‍ മൂലം ധനകാര്യ രംഗം നിലച്ചുപോയതാണ് ഇതിന് കാരണമായി റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.

'2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ച പ്രവചനത്തില്‍ അഞ്ച് ശതമാനം സങ്കോചം ഉണ്ടാകുമെന്ന് ഞങ്ങള്‍ രേഖപ്പെടുത്തുകയാണ്. ഇപ്പോഴത്തെ കണക്കുകൂട്ടല്‍ അനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം എത്തുന്നതോടെ സ്ഥിതി രൂക്ഷമാകും', എസ് ആന്‍ഡ് പി പ്രസ്താവനയില്‍ വ്യക്തമാക്കി.

'നേരത്തെ റേറ്റിംഗ് ഏജന്‍സികളായ ഫിച്ചും ക്രിസിലും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ അഞ്ച് ശതമാനം സങ്കോചം പ്രവചിച്ചിരുന്നു. കൊവിഡ് - 19 ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നത് പ്രതിരോധിക്കാന്‍ രാജ്യവ്യാപകമായി 60 ദിവസത്തിലേറെയായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, രാജ്യത്തിന്റെ സാമ്പത്തിക രംഗം പെട്ടെന്ന് നിശ്ചലമാകുന്ന അതിരൂക്ഷ പ്രതിസന്ധി ഉടലെടുത്തു. ഇതുമൂലം നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ സാമ്പത്തിക രംഗം വലിയ സങ്കോചത്തിലേക്ക് നീങ്ങാന്‍ ഇടയാകും. ഈ പ്രതിസന്ധി വരുന്ന വര്‍ഷവും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പ്രതിഫലനം ഉണ്ടാക്കും. കൊവിഡ് -19 നെ തുരത്തിയ ലോകത്ത് രാജ്യം സ്വീകരിക്കുന്ന നിലപാടിനും നടപടികളും അനുസരിച്ചായിരിക്കും ഇത്,' എസ് ആന്‍ഡ് പി ഇന്ത്യയ്ക്കായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഇപ്പോഴും കൊവിഡ് -19 വൈറസ് ബാധ നിയന്ത്രണ വിധേയമായിട്ടില്ല. നിലവില്‍ ദിവസവും ശരാശരി 6,000 ത്തോളം വൈറസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് അനുസരിച്ച് കൊവിഡ് ബാധ രാജ്യത്ത് വര്‍ധിക്കുകയാണ്. ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved