ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങും; അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുക 5.8 ശതമാനം: ഐഎംഎഫ്

October 14, 2020 |
|
News

                  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങും; അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുക 5.8 ശതമാനം: ഐഎംഎഫ്

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചു. 2021 ല്‍ 8.8 ശതമാനമെന്ന മികച്ച വളര്‍ച്ചാ നിരക്കിനൊപ്പം ഇന്ത്യ വന്‍ തിരിച്ചുവരവ് നടത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി. 2021 ല്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുടെ സ്ഥാനം ഇന്ത്യ വീണ്ടെടുക്കുകയും ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുകയും ചെയ്യുമെന്ന് ഐഎംഎഫിന്റെ കണ്ടെത്തല്‍.

നാണയ നിധിയുടെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് വിവരങ്ങളുളളത്. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആഗോള വളര്‍ച്ച ഈ വര്‍ഷം 4.4 ശതമാനം ചുരുങ്ങുമെന്നും, 2021 ല്‍ ഇത് 5.2 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു.

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ 2020 ല്‍ 5.8 ശതമാനം ചുരുങ്ങുമെന്നും അടുത്ത വര്‍ഷം 3.9 ശതമാനം വളര്‍ച്ച കൈവരിക്കും. പ്രധാന സമ്പദ് വ്യവസ്ഥകളില്‍, 2020 ല്‍ പോസിറ്റീവ് വളര്‍ച്ചാ നിരക്ക് കാണിക്കുന്ന ഏക രാജ്യം ചൈനയാണെന്നും (1.9 ശതമാനം വളര്‍ച്ച) റിപ്പോര്‍ട്ടില്‍ പറയുന്നു. 'മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും വളരെ ശക്തമായി ചുരുങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവചനത്തിലെ പരിഷ്‌കാരങ്ങള്‍ വളരെ വലുതാണ്. തല്‍ഫലമായി, 2020 ല്‍ സമ്പദ് വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, 2021 ല്‍ ഇത് 8.8 ശതമാനം ഉയരുകയും ചെയ്യും. 2019 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.2 ശതമാനമായിരുന്നു, ' ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.

ആഗോളതാപനത്തിന്റെ ഏറ്റവും വലിയ നാശനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളവരില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം മൂലമുളള ആഘാതം 2100 ഓടെ ജിഡിപിയുടെ 60-80 ശതമാനം വരെ ആയിരിക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള നഷ്ടത്തിന്റെ കണക്കുകള്‍ തണുത്ത പ്രദേശങ്ങളില്‍ (ഉദാഹരണത്തിന്, യൂറോപ്പ്, വടക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യ) താരതമ്യേന കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞയാഴ്ച ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചിരുന്നു. 'മാര്‍ച്ചില്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, ''ലോക ബാങ്ക് ദക്ഷിണേഷ്യ സാമ്പത്തിക ഫോക്കസ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പറയുന്നു.

'ഇന്ത്യയില്‍ സ്ഥിതി മുമ്പത്തേക്കാള്‍ വളരെ മോശമാണ്, ''ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഫോര്‍ സൗത്ത് ഏഷ്യ കഴിഞ്ഞ ആഴ്ച ഒരു കോണ്‍ഫറന്‍സ് കോളിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയിലെ അസാധാരണമായ ഒരു സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപിയില്‍ 25 ശതമാനം ഇടിവ് ഉണ്ടായി. (അതായത് ഇന്ത്യയിലെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം). വൈറസ് പടരുന്നതും അതിനെ നിയന്ത്രിക്കാന്‍ വേണ്ടി സ്വീകരിക്കുന്ന നടപടികളും ഇന്ത്യയിലെ വിതരണ, ഡിമാന്‍ഡ് അവസ്ഥകളെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved