കേന്ദ്രസര്‍ക്കാറിന് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയുന്നില്ലെന്ന് വിലയിരുത്തല്‍; രാജ്യത്ത് സാമ്പത്തിക മാന്ദ്യം പടരുന്നു; വിറ്റ് തുലയ്ക്കുന്നത് ലാഭത്തില്‍ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വരെ; കേന്ദ്രസര്‍ക്കാറിന്റെ പോക്ക് എങ്ങോട്ട്?

November 21, 2019 |
|
News

                  കേന്ദ്രസര്‍ക്കാറിന് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയുന്നില്ലെന്ന് വിലയിരുത്തല്‍; രാജ്യത്ത് സാമ്പത്തിക മാന്ദ്യം പടരുന്നു; വിറ്റ് തുലയ്ക്കുന്നത് ലാഭത്തില്‍ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വരെ; കേന്ദ്രസര്‍ക്കാറിന്റെ പോക്ക് എങ്ങോട്ട്?

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് കേരളടമടക്കമുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി കുടിശ്ശികയായി കേന്ദ്രസര്‍ക്കാര്‍ ഭീമമായ തുകയാണ് നല്‍കാനുള്ളത്. പ്രശ്‌നപരിഹാത്തിന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിച്ച് പണം സ്വരൂപിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. അതേസമയം സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ മോദി സര്‍ക്കാരിന് കഴിയുന്നില്ല. ഇതിന്റെ ഫലമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തീരുമാനം. അടിസ്ഥാന മേഖലയ്ക്കായി വന്‍ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിച്ചു. മുമ്പ് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടും ഇന്ത്യ പിടിച്ചു നിന്നു. ഇതിന് കാരണം അന്ന് ഇന്ത്യ ഭരിച്ച മന്മോഹന്‍സിങ് എന്ന സാമ്പത്തിക വിദഗ്ധന്റെ ദീര്‍ഘവീക്ഷണമാണ്. ഈ സാമ്പത്തിക അടിത്തറിയെ അടിമുടി മാറ്റി പരീക്ഷിക്കുകയായിരുന്നു ഒന്നാം മോദി സര്‍ക്കാര്‍. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പരിഷ്‌കാരങ്ങളൊന്നും ഗുണം ചെയ്തില്ല. രണ്ടാം മോദി മന്ത്രിസഭയില്‍ ധന വകുപ്പ് കിട്ടിയ നിര്‍മ്മലാ സീതാരാമനും സാമ്പത്തിക ആസൂത്രണത്തില്‍ വിജയമായില്ല. ഇതോടെ വിദേശകാര്യ ഇടപെടലിലൂടേയും മറ്റും മോദി ഉണ്ടാക്കിയ ആഗോള പ്രതിച്ഛായയ്ക്ക് അപ്പുറം രാജ്യത്തിന് ഗുണകരമായി സമ്പദ് വ്യവസ്ഥയെ മാറ്റാന്‍ കഴിയാത്ത സാഹചര്യം വന്നു. തൊഴില്‍ ഇല്ലായ്മ നിരക്ക് ഇനിയും കൂടുമെന്ന സൂചനയാണ് സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ നയം തെളിയിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പനയ്ക്കാണ് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കിയത്.

സാമ്പത്തിക ഞെരുക്കം രൂക്ഷമായിരിക്കെ, മാര്‍ച്ചോടെ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പറേഷനും (ബിപിസിഎല്‍) വില്‍ക്കുമെന്നു നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കടവും നഷ്ടവും ഏറുന്നത് എയര്‍ ഇന്ത്യയെയും പ്രവര്‍ത്തന ലാഭം ഇടിയുന്നതു ബിപിസിഎല്ലിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെയാണു വില്‍പനയുമായി ബന്ധപ്പെട്ട അനുബന്ധ നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നു നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. ഇതിന് തൊട്ടു പിന്നാലെയാണ് തീരുമാനങ്ങള്‍ പുറത്തു വരുന്നത്. ഈ ഓഹരി വിറ്റഴിക്കലിലൂടെ ഖജനാവിലേക്ക് കൂടുതല്‍ പണമെത്തുമെന്നും അത് വികസന പ്രക്രിയയ്ക്ക് ഉപയോഗിച്ച് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാനാണ് ശ്രമം. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി പൂര്‍ണമായും വില്‍ക്കാനുള്ള കേന്ദ്ര നീക്കത്തിലൂടെ പൊതുമേഖലയ്ക്കു നഷ്ടപ്പെടുന്നതു രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന്. ഏറ്റവും അത്യാധുനികമായ റിഫൈനറിയാണു സ്വകാര്യവല്‍ക്കരിക്കപ്പെടുന്നത്. സൗദിയിലെ അരാംകോ ഉള്‍പ്പെടെയുള്ള ആഗോള എണ്ണ ഭീമന്മാര്‍ക്കു റിഫൈനറിയില്‍ താല്‍പര്യമുണ്ടെന്നാണു റിപ്പോര്‍ട്ട്.

സാമ്പത്തിക പരിഷ്‌കാരമെന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട്നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിലും ജനങ്ങളെ വിടാതെ പിന്തുടരുകയാണ് ആ ദുരിതം. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍നിന്ന് മോചനം നേടാനാകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യജീവനുകളായും തൊഴില്‍നഷ്ടമായും സമ്പത്തുനഷ്ടമായും നോട്ട് നിരോധനത്തിന് രാജ്യം നല്‍കിയ വില വളരെ വലുതാണ് .കള്ളപ്പവും ഭീകരവാദവും തുടച്ചുനീക്കാനെന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ നോട്ടുനിരോധനം പാടെ പരാജയപ്പെട്ടു. അസാധുവാക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ എറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട്നിരോധനത്തിന് ശേഷം കെടുതിയുടെ നേര്‍ക്കാഴ്ചകളും തീരുമാനത്തിലെ യുക്തിരാഹിത്യവും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ്. അതുകൊണ്ടു മാത്രമാണ് ലാഭം മാത്രം നല്‍കുന്ന സ്ഥാപനങ്ങളെ വിറ്റഴിക്കുന്നത്.

അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും കേന്ദ്രമന്ത്രിസഭ ബുധനാഴ്ച തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍.), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവയിലുള്ള ഓഹരികളാണ് വില്‍ക്കുന്നത്. ഇതെല്ലാം വന്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളാണ്. എങ്ങനെ ഒരു ലക്ഷം കോടി രൂപ കണ്ടെത്തുകയെന്നതാണ് പ്രധാനം. അല്ലാത്ത പക്ഷം വികസന പദ്ധതികള്‍ പോലും നിലയ്ക്കും. ഇത് മനസ്സിലാക്കിയാണ് ലാഭത്തില്‍ ഓടുന്ന കമ്പനികള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറയ്ക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെകീഴില്‍ അസമിലുള്ള നുമാലിഗര്‍ റിഫൈനറി ലിമിറ്റഡ് ഒഴികെ മറ്റുള്ളവയുടെ 53.29 ശതമാനം ഓഹരികള്‍ മാനേജ്‌മെന്റ് നിയന്ത്രണത്തോടെ വില്‍ക്കാനാണ് തീരുമാനം. നുമാലിഗര്‍ പ്രത്യേക സ്ഥാപനമായി തുടരും. പിന്നീടത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറും.

37 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതും 15,000-ത്തിലധികം റീട്ടെയില്‍ പമ്പുകള്‍ ഉള്ളതുമായ ബി.പി.സി.എല്‍. കഴിഞ്ഞവര്‍ഷം 7,132 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷനില്‍ സര്‍ക്കാരിനുള്ള 63.75 ശതമാനം ഓഹരികളില്‍ 53.75-ഉം വില്‍ക്കും. ഇതോടെ കമ്പനിയുടെ നിയന്ത്രണാധികാരവും സര്‍ക്കാരിനു നഷ്ടമാകും. കണ്ടെയ്നര്‍ കോര്‍പ്പറേഷന്റെ 30.9 ശതമാനം ഓഹരികളും നിയന്ത്രണാധികാരവുമാണ് കൈമാറുന്നത്. ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 74.23 ഓഹരികള്‍ എന്‍.ടി.പി.സി.ക്കാണ് കൈമാറുക. നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ 100 ശതമാനം ഓഹരികളും എന്‍.ടി.പി.സി.ക്ക് നല്‍കും. ബി.പി.സി.എല്‍. സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നതിനെതിരേ കഴിഞ്ഞദിവസം കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാനുള്ള സാമ്പത്തിക കരുത്ത് കേന്ദ്ര സര്‍ക്കാരിനില്ല. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ബിപിസിഎല്‍ മഹാരത്ന കമ്പനിയും എസ്സിഐ, കോണ്‍കോര്‍ എന്നിവ നവരത്നാ കമ്പനികളുടെ വിഭാഗത്തില്‍പ്പെടുന്നതുമാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഉള്‍പ്പെടെയുള്ള തിരഞ്ഞടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി 51 ശതമാനത്തില്‍ താഴെയാക്കാനും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നല്‍കി. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ ഭരണം കൈമാറ്റം നടത്തില്ല. ഐഒസിയില്‍ കേന്ദ്ര സര്‍ക്കാരിന് 51.5 ശതമാനം ഓഹരിയാണ് ഉള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ എല്‍ഐസി, ഒഎന്‍ജിസി, ഒഐഎല്‍ എന്നിവയ്ക്ക് 25.9 ശതമാനം ഓഹരിയുമുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപം റിഫൈനറിയില്‍ നടക്കുന്നതിനിടെയാണു വില്‍പന തീരുമാനം. 33,050 കോടി രൂപയാണ് ഏതാനും വര്‍ഷത്തിനിടെ ചെലവിട്ടു കൊണ്ടിരിക്കുന്നത്. 16,504 കോടി രൂപ ചെലവിട്ട സംയോജിത റിഫൈനറി വികസന പദ്ധതിയുടെ (ഐആര്‍ഇപി) സമര്‍പ്പണം നടന്നത് ഈ ജനുവരിയില്‍. വില്‍പനയുടെ സ്വഭാവം എന്തായാലും വികസന പദ്ധതികള്‍ തുടരുമെന്നാണു ബിപിസിഎല്‍ നിലപാട്. 16,546 കോടി മുതല്‍ മുടക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ ഭാഗമായി, 11,300 കോടി ചെലവിടുന്ന പോളിയോള്‍സ് പ്രോജക്ട് 2023 ഒടുവില്‍ പൂര്‍ത്തിയാക്കും.

5246 കോടി രൂപ മുതല്‍ മുടക്കുന്ന പ്രൊപ്പിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് കമ്മിഷനിങ്ങിന് ഒരുങ്ങുകയാണ്. ഈ പദ്ധതിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചു കിന്‍ഫ്ര ആരംഭിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയും വില്‍പന നീക്കം അവ്യക്തമാക്കുകയാണ്. സംയോജിത റിഫൈനറി വികസന പദ്ധതി പൂര്‍ത്തിയായതോടെ റിഫൈനറിയുടെ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ശുദ്ധീകരണ ശേഷി 9.5 മില്യണ്‍ ടണ്ണില്‍ നിന്ന് 15.5 മില്യണ്‍ ടണ്ണിലെത്തി. ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കാനും റിഫൈനറിക്കു കഴിയും. വില്‍പന തീരുമാനം ആശങ്കയിലാക്കുന്നത് 2,500 സ്ഥിരം ജീവനക്കാരും 6,000 കരാര്‍ ജീവനക്കാരും വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിനു താല്‍ക്കാലിക തൊഴിലാളികളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തെയാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥത പൂര്‍ണമായും കൈമാറ്റം ചെയ്യപ്പെടുന്നതു തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുമെന്നാണ് ആശങ്ക.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved