
2020 ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ വര്‍ധനവ്. കയറ്റുമതി 27.15 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 7.56 ശതമാനം ഉയര്‍ന്ന് 42.59 ബില്യണ്‍ ഡോളറിലെത്തി. ചരക്ക് കയറ്റുമതി 2019 ഡിസംബറില്‍ 27.11 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 39.59 ബില്യണ്‍ ഡോളറായിരുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2020 ഡിസംബറിലെ വ്യാപാരക്കമ്മി 15.44 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് 2019 ഡിസംബറിലെ 12.49 ബില്യണ്‍ ഡോളര്‍ കമ്മിയേക്കാള്‍ 23.66 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2020-21 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 348.49 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.65 ശതമാനം കുറവാണ്.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൊത്തം ഇറക്കുമതി 25.86 ശതമാനം ഇടിഞ്ഞ് 343.27 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതിയും ഇറക്കുമതിയും വളര്‍ച്ച കാണിക്കുന്ന ഡിസംബര്‍ മാസത്തെ വ്യാപാര ഡാറ്റ മികച്ച പ്രതീക്ഷ നല്‍കുന്നതായി എക്സിം ബാങ്ക് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ പ്രഹലതന്‍ അയ്യര്‍ പറഞ്ഞു. പെട്രോളിയം ഇതര, ജ്വല്ലറി ഇതര കയറ്റുമതിയുടെ വളര്‍ച്ച 5.5 ശതമാനമാണ്. ഇത് രാജ്യത്തെ ഉല്‍പാദന പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു.
മൊത്തം കയറ്റുമതിയില്‍ 0.14 ശതമാനം നേട്ടമുണ്ടായപ്പോള്‍ ഡിസംബര്‍ മാസത്തെ ഇറക്കുമതി 7.56 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എഞ്ചിനീയറിംഗ് ചരക്ക് കയറ്റുമതിയില്‍ 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സേവന കയറ്റുമതിയുടെ 2020 ഡിസംബറിലെ മൂല്യം 17.31 ബില്യണ്‍ ഡോളറാണ്. 2020 ഡിസംബറിലെ സേവന ഇറക്കുമതിയുടെ മൂല്യം 10.32 ബില്യണ്‍ ഡോളറാണ്.