
ന്യൂഡല്‍ഹി: 2024 ഓടെ 5 ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശേഷി എന്ന മോദി സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് കോവിഡ് പ്രതിസന്ധി തിരിച്ചടിയാകുന്നത്. തൊഴിലില്ലായ്മയും സാമൂഹ്യ രംഗത്തെ സ്തംഭനങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിക്കുക. സാമ്പത്തിക മേഖലയെ പിടിച്ചുലച്ച മാന്ദ്യം മറികടക്കാന്‍ ഓഹരി വിറ്റഴിക്കുന്നതടക്കമുള്ള മാര്‍ഗ്ഗങ്ങളായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍. എങ്ങനെയെങ്കിലും ഖജനാവ് നിറക്കുക, അതുവഴി വളര്‍ച്ച നിരക്ക് കൂട്ടുക എന്നതായിരുന്നു ഉദ്ദേശ്യം.
കൊവിഡ് പ്രതിസന്ധി നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോഴും സാമൂഹ്യ ക്ഷേമ പദ്ധതികളെക്കാള്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത് സ്വകാര്യവത്കരണത്തിനും വാണിജ്യവത്കരണത്തിനുമാണ്. പക്ഷേ തൊഴിലില്ലായ്മ രൂക്ഷമാവുകയും ജനങ്ങളുടെ കയ്യില്‍ പണമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രതിസന്ധികള്‍ തുടരുമെന്നതാണ് വസല്തുത.
ധനകമ്മി 3.8 ശതമാനമായി പിടിച്ചുനിര്‍ത്താനാണ് ഈ വര്‍ഷം ലക്ഷ്യമിട്ടത്. പക്ഷേ, 12 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ കടമെടുക്കാന്‍ പോകുന്നത്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി ഇതില്‍ വലിയൊരു ഭാഗം വിനിയോഗിക്കേണ്ടിവരും. സ്വകാര്യവത്കരണത്തിലൂടെയും വാണിജ്യവത്കരണത്തിലൂടെയും ആ വിടവ് പെട്ടെന്ന് നികത്താനും ആകില്ല. വിദേശ നിക്ഷേപം കുറയും. നികുതി വരുമാനത്തില്‍ ഇടിവ് തുടരുന്നു. പ്രതീക്ഷിച്ച വരുമാനത്തിലേക്ക് എത്താന്‍ സാധിക്കാതെ വരുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയും കുറയും.
പ്രതിവര്‍ഷം 9 ശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കാനായെങ്കിലേ, 5 ലക്ഷം കോടി ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കു. നിലവില്‍ രണ്ട് ശതമാനത്തിന് താഴെയാണ് വളര്‍ച്ചനിരക്ക്. അതായത് ഇപ്പോഴത്തെ 200 ലക്ഷം കോടിരൂപയുടെ ശേഷിയില്‍ നിന്നു തന്നെ ഇന്ത്യ താഴേക്ക് പോകുന്നു. കൊവിഡിനെ പഴിചാരി തല്‍ക്കാലം രക്ഷപ്പെടാമെങ്കിലും ഇനിയുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ കയ്‌പേറിയതാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.