വീണ്ടും ചൈനയ്ക്ക് പണി കൊടുത്ത് ഇന്ത്യ; 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചു

November 25, 2020 |
|
News

                  വീണ്ടും ചൈനയ്ക്ക് പണി കൊടുത്ത് ഇന്ത്യ; 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചു

വീണ്ടും ചൈനയ്ക്ക് പണി കൊടുത്ത് ഇന്ത്യ. ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്ലിക്കേഷന്‍ അലിഎക്‌സ്പ്രസ്സ്, വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ സ്‌നാക്ക് വീഡിയോ, ബിസിനസ് കാര്‍ഡ് റീഡര്‍ കാംകാര്‍ഡ് എന്നിവയുള്‍പ്പെടെ 43 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ചൊവ്വാഴ്ച നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുള്ളതാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.

നയതന്ത്ര, സൈനിക തലങ്ങളില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈനയുമായുള്ള ആറുമാസത്തിലേറെയുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യ നടത്തുന്ന മൂന്നാമത്തെ നിരോധനമാണിത്. വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഇന്ത്യയ്ക്ക് ദോഷകരമായേക്കാവുന്ന ഈ ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ചൊവ്വാഴ്ചത്തെ നിരോധനം കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ നിരോധിച്ച ആകെ ചൈനീസ് ആപ്ലിക്കേഷനുകളുടെ എണ്ണം 267 ആയി. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബൈറ്റ്ഡാന്‍സിന്റെ ടിക്ക് ടോക്കും അലിബാബയുടെ യുസി ബ്രൗസറും ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ ജൂണില്‍ കേന്ദ്രം നിരോധിച്ചിരുന്നു. 59 ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവര്‍ത്തിക്കുന്ന 47 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ പിന്നീട് നിരോധിച്ചു.

ജനപ്രിയ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജി, ബൈഡു എന്നിവയുള്‍പ്പെടെ 118 അപ്ലിക്കേഷനുകള്‍ സെപ്റ്റംബറില്‍ നിരോധിച്ചു. ഈ ആപ്ലിക്കേഷനുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ കുറ്റകൃത്യ ഏകോപന കേന്ദ്രത്തില്‍ നിന്നുള്ള സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ആലിബാബ ഗ്രൂപ്പിന്റെ പ്രധാന അപ്ലിക്കേഷനുകളായ ആലിസപ്ലയേഴ്‌സ് മൊബൈല്‍, ആലിബാബ വര്‍ക്ക്‌ബെഞ്ച്, ആലിഎക്‌സ്പ്രസ്സ്, ആലിപേ കാഷ്യര്‍ എന്നിവയുള്‍പ്പെടെ ചൈനീസ് സോഷ്യല്‍, ഏഷ്യന്‍ഡേറ്റ്, വീഡേറ്റ് എന്നിവ പോലുള്ള ഒരു കൂട്ടം ഡേറ്റിംഗ് ആപ്ലിക്കേഷനുകളും ചൊവ്വാഴ്ച മുതല്‍ നിരോധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി, ഈ നടപടി ഇന്ത്യന്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉപകാരപ്രദമാണ്. നിരോധനം വളരെ മികച്ച നീക്കമാണ്, ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക്' ഇന്ത്യയുടെ പരമാധികാരത്തിന്‍ മേല്‍ കടന്നു കയറാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് നിരോധനമെന്ന് ചിംഗാരി ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സുമിത് ഘോഷ് പറഞ്ഞു.

സ്മാര്‍ട്ട് ഫോണുകളിലെ നിരവധി ആപ്ലിക്കേഷനുകള്‍ വന്‍തോതില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സുരക്ഷാ ആശങ്ക. അവ നല്‍കുന്ന സേവനവുമായി ഇതിന് യാതൊരു ബന്ധവുമില്ല, എന്നുള്ളതാണ് മറ്റൊരു വസ്തുതയെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ സേഫ്ഹൗസ് ടെക്‌നോളജീസിന്റെ സഹസ്ഥാപകനായ ആദിത്യ നാരംഗ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved