ഇന്ത്യന്‍ ഐടി വ്യവസായം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍ നിരീക്ഷണം

July 08, 2021 |
|
News

                  ഇന്ത്യന്‍ ഐടി വ്യവസായം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍ നിരീക്ഷണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐടി വ്യവസായം 2021-22ല്‍ 11 ശതമാനം വരെ വളര്‍ച്ച കൈവരിച്ചതായി റേറ്റിംഗ് ഏജന്‍സി ക്രിസിലിന്റെ നിരീക്ഷണം. പ്രധാനമായും ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ), ഹെല്‍ത്ത് കെയര്‍, റീട്ടെയില്‍, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളില്‍ ഔട്ട്‌സോഴ്‌സിംഗ് വര്‍ധിക്കുന്നതിലൂടെയും ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാകുന്നതുമാണ് ഈ വളര്‍ച്ചയെ നയിക്കുക. 

2020-21 ല്‍ ഐടി സേവന വ്യവസായം 2.7 ശതമാനം വര്‍ധിച്ച് 99 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തിയിരുന്നു. ഇ-കൊമേഴ്‌സ്, ബിസിനസ് പ്രോസസ്സ് മാനേജ്‌മെന്റ്, ഗ്ലോബല്‍ ബാക്ക് ഓഫീസുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി വിശാലമായ അര്‍ത്ഥത്തില്‍ ഐടി വ്യവസായം കണക്കിലെടുക്കുമ്പേള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.3 ശതമാനം വര്‍ധനയോടെ 194 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം രേഖപ്പെടുത്തി. വിപ്രോയുടെ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജിയും ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.   

ഉയര്‍ന്ന ബിസിനസ്സ് നിലവാരവും കൂടുതല്‍ ലാഭകരമായ ഡിജിറ്റല്‍ ഡീലുകളും (കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തില്‍ 45 ശതമാനം വിഹിതം) ഐടി സേവന സ്ഥാപനങ്ങളെആരോഗ്യകരമായ പ്രവര്‍ത്തന മാര്‍ജിന്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ക്രിസില്‍ പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായിരുന്നു ഡിജിറ്റല്‍ ഇടപാടുകളുടെ വരുമാന വിഹിതം. 

ഉപഭോക്താക്കള്‍ ചെലവ് ക്രമീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ഐടി സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് ആഗോളതലത്തില്‍ തന്നെ ക്രമാനുഗതമായ വളര്‍ച്ച പ്രകടമാക്കുന്നുണ്ട്. റിമോട്ട് വര്‍ക്കിംഗ്, ഇ-കൊമേഴ്‌സ്, ഓട്ടോമേറ്റഡ് സേവനങ്ങള്‍ എന്നിവ മൂലം ഡിജിറ്റല്‍ സേവനങ്ങളുടെ കാര്യത്തില്‍ അധിക അവസരങ്ങള്‍ തുറന്നുകൊടുത്തുവെന്ന് ക്രിസിലിന്റെ സീനിയര്‍ ഡയറക്ടര്‍ അനുജ് സേതി പറഞ്ഞു. 2020-21ല്‍ ഇന്ത്യന്‍ കമ്പനികളുടെ ഡീല്‍ വിജയങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ച പ്രകടമാക്കി. ഡീലുകളില്‍ 80 ശതമാനവും ഡിജിറ്റല്‍ ഡീലുകളാണ്. 2021-22 ലെ വരുമാന വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആറ് ശതമാനത്തിന്റെ വളര്‍ച്ചയേക്കാള്‍ ഏകദേശം 4 ശതമാനം കൂടുതലായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

Read more topics: # IT industry, # ഐടി,

Related Articles

© 2025 Financial Views. All Rights Reserved