
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന വന്‍തോതില്‍ ഇടിഞ്ഞതായി മദ്യ വ്യവസായ രംഗം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഒന്‍പത് ലിറ്റര്‍ വീതമുള്ള 85.7 ദശലക്ഷം കേസുകളാണ് വിറ്റതെങ്കില്‍, ഇത്തവണയത് 78 ദശലക്ഷമായി ഇടിഞ്ഞു. 8.98 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍കഹോളിക് ബീവറേജ് ഇന്റസ്ട്രിയാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച് വിദേശത്തടക്കം വില്‍ക്കപ്പെടുന്ന മദ്യനിര്‍മ്മാണ കമ്പനികളാണ് ഈ സംഘടനയിലെ അംഗങ്ങള്‍. അതേസമയം ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് വില്‍പനയില്‍ ഉയര്‍ച്ചയുണ്ടായി.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29.06 ശതമാനമായിരുന്നു വില്‍പനയിലെ ഇടിവ്. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 172 ദശലക്ഷം കേസുകളാണ് വിറ്റതെങ്കില്‍ ഇക്കുറി അത് 122 ദശലക്ഷമായിരുന്നു. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പ്പന മറ്റിടങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ ഇടിഞ്ഞത്. പഞ്ചാബില്‍ വില്‍പന ഉയര്‍ന്നു.