വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് കുറച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

June 08, 2020 |
|
News

                  വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് കുറച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബിപിഎസ് കുറച്ചു. പുതിയ നിരക്ക് ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് ഇതോടെ കുറയും.

റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷം 6.85 ശതമാനമായും കുറച്ചിട്ടുണ്ട്. റീട്ടെയില്‍ വായ്പകള്‍ (ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, വാഹന വായ്പകള്‍ മുതലായവ), മൈക്രോ, ചെറുകിട സംരംഭങ്ങള്‍ എന്നിവയ്ക്കായുള്ള ആര്‍എല്‍എല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകള്‍ക്കാണ് പുതിയ നിരക്ക് കുറയ്ക്കല്‍ ഗുണം ചെയ്യുന്നത്. കഴിഞ്ഞ മാസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2020 മെയ് 10 മുതല്‍ പ്രതിവര്‍ഷം 7.40 ശതമാനത്തില്‍ നിന്ന് എംസിഎല്‍ആര്‍ പ്രതിവര്‍ഷ നിരക്ക് 7.25 ശതമാനമായാണ് എസ്ബിഐ കുറച്ചത്.

രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുന്നതായി അടുത്തിടെ ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഈ ലിസ്റ്റില്‍ ഉണ്ടെന്നാണ് വിവരം. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ബാങ്കുകള്‍. ലയനശേഷം നിലവില്‍ രാജ്യത്ത് 12 പൊതുമേഖലാബാങ്കുകളാണുള്ളത്. അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധനസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മൂന്നു ലക്ഷം കോടി രൂപയിലധികമാണ് ചെലവഴിച്ചത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved