
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ റെയില്‍വേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂണ്‍ മാസത്തേക്കാള്‍ (101.31 മില്യണ്‍ ടണ്‍ ) 11.19 % അധികമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ (93.59 മില്യണ്‍ ടണ്‍ ) 20.37 ശതമാനം അധികം ചരക്കുനീക്കം ആണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്.
2021 ജൂണ്‍ മാസം ട്രെയിന്‍ മാര്‍ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച പ്രധാനചരക്കുകളില്‍ കല്‍ക്കരി, ഇരുമ്പുരുക്ക്, പിഗ് അയണ്‍& ഫിനിഷ്ഡ് സ്റ്റീല്‍ , ഭക്ഷ്യധാന്യങ്ങള്‍, വളം, ധാതു എണ്ണ, ക്ലീങ്കര്‍, ക്ലിങ്കര്‍ ഒഴിവാക്കിയ സിമന്റ് എന്നിവ ഉള്‍പ്പെടുന്നു. ചരക്ക് നീക്കത്തിലൂടെ 2021 ജൂണ്‍ മാസം ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ചത് 11186.81 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ (8829.68 കോടി) 26.7 ശതമാനം അധികമാണ്.
2019 ജൂണ്‍ മാസത്തെക്കാള്‍ (10707.53 കോടി) 4.48 ശതമാനം അധികവരുമാനം ആണ് 2021 ജൂണ്‍ മാസം ലഭിച്ചത്. ട്രെയിന്‍ മാര്‍ഗം ഉള്ള ചരക്കുനീക്കം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി നിരവധി ഇളവുകളും കിഴിവുകളും ഇന്ത്യന്‍ റെയില്‍വേ ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ 19 മാസക്കാലയളവില്‍ ചരക്ക് നീക്കത്തിന് എടുക്കുന്ന സമയം പകുതിയായി കുറഞ്ഞിട്ടുണ്ട്. തന്മൂലം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ചിലവില്‍ വലിയ തോതിലുള്ള കുറവാണ് ഉണ്ടാക്കിയിട്ടുള്ളത് കണക്കുകള്‍ വ്യക്തമാക്കുന്നു.