
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യന്‍ റെയില്‍വേയുടെ ചരക്കുഗതാഗതത്തില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനവ്. ഫെബ്രുവരിയിലെ ആദ്യ 12 ദിവസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് വരുമാനം ഇതേ കാലയളവിലെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെ മറികടക്കുന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് ഈ ഫെബ്രുവരിയില്‍ റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനം 206 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഏകദേശം 5 ശതമാനം കൂടുതലാണെന്നും ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കണക്കനുസരിച്ച്, ഫെബ്രുവരിയിലെ ആദ്യ 12 ദിവസങ്ങളില്‍ റെയില്‍വേ ചരക്ക് ഗതാഗതത്തിലൂടെ ലഭിച്ച വരുമാനം 4571 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 4365 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് ലഭിച്ചത്. ലോഡിംഗിന്റെ കാര്യത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബിസിനസ്സ് വികസനം, പ്രോത്സാഹനങ്ങള്‍, വേഗത എന്നിവ മെച്ചപ്പെടുത്തുന്നതിനായി പുതിയ സംരംഭങ്ങളെ ആശ്രയിച്ചതുകൊണ്ടാണ് റെയില്‍വേയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 ഓഗസ്റ്റ് 21 മുതല്‍ ചരക്ക് ലോഡിംഗ് വര്‍ധിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുള്ള ലോക്ക്‌ഡൌണിന് ഇത് ആദ്യമായാണ് വരുമാനം വര്‍ധിക്കുന്നത്.
ഇന്ത്യ കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണെന്നതിന്റെ സൂചനകളാണ് ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം വര്‍ധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. കൂടാതെ ബിസിനസ്സ് ഉയര്‍ത്തുന്നതിനും ചരക്ക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി റെയില്‍വേയില്‍ സ്വീകരിക്കുന്ന പുതിയ മാനേജ്‌മെന്റ് സംരംഭങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കുന്നു.