
മുംബൈ: സെന്‍ട്രല്‍ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ ചില റെയില്‍വെ സ്റ്റേഷനുകളില്‍ 50 രൂപയാക്കി. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ വേനല്‍ക്കാലത്ത് ജനത്തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ദാദറിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനല്‍, താനെ, കല്യാണ്‍, പന്‍വേല്‍, ഭിവാണ്ടി റോഡ് സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്. പത്ത് രൂപയായിരുന്നു നേരത്തെ പ്ലാറ്റ്‌ഫോം ടിക്കറ്റിന് വില.
മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. ജൂണ്‍ 15 വരെ ഈ നിരക്ക് തുടരുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വേനല്‍ക്കാല യാത്രാ തിരക്ക് മുന്നില്‍ കണ്ട് മാത്രമാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് താത്കാലികമാണെന്നും സെന്‍ട്രല്‍ റെയില്‍വേയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി രണ്ടാം വാരത്തോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടായിരുന്നു. മുംബൈയില്‍ മാത്രം ഇതുവരെ 3.25 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 11400 പേര്‍ ഇതിനോടകം മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.