കാറ്ററിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഐആര്‍സിടിസി

October 25, 2021 |
|
News

                  കാറ്ററിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഐആര്‍സിടിസി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രയില്‍ നിര്‍ത്തിവെച്ച കാറ്ററിംഗ് സര്‍വീസും മറ്റു സേവനങ്ങളും പുനരാരംഭിക്കാന്‍ ഐആര്‍സിടിസി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് ഈ സേവനങ്ങള്‍ ഐആര്‍സിടിസി നിര്‍ത്തിവെച്ചത്.

യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തയാഴ്ച ഉന്നതതലയോഗം വിളിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിനിനകത്തെ കാറ്ററിംഗ് സര്‍വീസ്, എസി യാത്രക്കാര്‍ക്ക് കിടക്കവിരിയും പുതപ്പും നല്‍കല്‍ തുടങ്ങി കോവിഡ് വ്യാപനത്തിന് മുന്‍പ് യാത്രക്കാര്‍ക്കായി നല്‍കി വന്നിരുന്ന സേവനങ്ങള്‍ പൂര്‍ണമായി പുനരാരംഭിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

നിലവില്‍ ട്രെയിന്‍ സര്‍വീസ് ഏതാണ്ട് പൂര്‍ണമായി പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് മറ്റു സേവനങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. 2020 മാര്‍ച്ചിലാണ് ട്രെയിനിനകത്തെ കാറ്ററിംഗ് സര്‍വീസ് അടക്കം ഐആര്‍സിടിസി നിര്‍ത്തിവെച്ചത്. ഓഗസ്റ്റില്‍ ഇ-കാറ്ററിംഗ് സര്‍വീസ് ഐആര്‍സിടിസി പുനരാരംഭിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved