
ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ 15 സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഈ സര്‍വീസുകള്‍ക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതല്‍ ആരംഭിക്കുമെന്ന് ഐആര്‍ടിസി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി മാത്രമാകും ബുക്കിങ്.
ലോക്ഡൗണിനെ തുടര്‍ന്നു മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. 15 ട്രെയിനുകളാണ് ആദ്യ ഘട്ടത്തില്‍ ഓടിക്കുന്നത് (ആകെ 30 സര്‍വീസുകള്‍). ന്യൂഡല്‍ഹിയില്‍ നിന്നു അസം, ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം(തിരുവനന്തപുരം), മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിന്‍.
രാജ്യത്തു ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ സ്‌പെഷല്‍ ട്രെയിനുകളായി ഓടിക്കുന്നതു രാജധാനി കോച്ചുകള്‍. 13ന് കേരളത്തിലേക്കുളള സര്‍വീസ് ആരംഭിക്കുമെന്നാണു സൂചന. എല്ലാ സ്‌പെഷല്‍ ട്രെയിനുകളും ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുക. ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം-ന്യൂഡല്‍ഹി ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലും സര്‍വീസ് നടത്താനാണ് ആലോചന. ഡല്‍ഹിയില്‍ നിന്നുളള ആദ്യ ട്രെയിന്‍ 13നും തിരുവനന്തപുരത്തു നിന്നുളള ആദ്യ ട്രെയിന്‍ 15നും സര്‍വീസ് നടത്തുമെന്നാണ് സൂചന.
രാജധാനി നിരക്കായിരിക്കും സ്‌പെഷല്‍ ട്രെയിനില്‍ ഈടാക്കുക. തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി മാത്രമാണു ബുക്കിങ്. ഏജന്റുമാര്‍ വഴിയും കൗണ്ടറുകളും വഴിയും വില്‍പനയുണ്ടാകില്ല. സ്റ്റേഷനുകളിലെ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. കണ്‍ഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. മാസ്‌കും നിര്‍ബന്ധമാണ്.
കോച്ചുകളുടെ ലഭ്യത അനുസരിച്ച് കൂടുതല്‍ സ്‌പെഷന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. മാര്‍ച്ചില്‍ 20,000ത്തിലധികം കോച്ചുകള്‍ കോവിഡ് ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. ആയിരക്കണക്കിന് കോച്ചുകള്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള ശ്രമിക് ട്രെയിനുകളിലും ഉപയോഗിച്ചു.