
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ നേട്ടം കൊയ്ത് മുന്നേറുന്നതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ സ്വകാര്യ ഇക്വിറ്റി മേഖലകളിലെ നിക്ഷേപം 3.8 ബില്യണ്‍ ഡോളറോളം ഒഴുകിയെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അനറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സന്റാണ് ഇക്കാര്യം വ്യക്തമാക്കി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ വളര്‍ച്ചയുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്.
സ്വകാര്യം ഇക്വിറ്റി മേഖലകളിലെ നിക്ഷേപ വളര്‍ച്ചയില്‍ 19 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ റിയല്‍എസ്റ്റേറ്റ് ബിസനസ്സ് വന്‍ സാധ്യതകള്‍ രൂപപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാണിജ്യ മേഖലയിലെ റിയല്‍എസ്‌റ്റേറ്റ് വിഹിതത്തില്‍ 79 ശതമാനം വര്‍ധനവ് നടപ്പുവര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപകരുടെ ശക്തമായ ആധിപത്യം ഇപ്പോഴും തുടര്‍ന്നുകോണ്ടിരിക്കുകയാണ്.
നിലവില്‍ സ്വകാര്യ ഇക്വിറ്റി മേഖലയിലെ നിക്ഷേപത്തില്‍ ബ്ലാക്ക് സ്റ്റോണ്‍, ഹിനസ്, ബ്രൂക്ക് ഫീള്‍ഡ് തുടങ്ങിയ നിക്ഷേപകരുടെ കടന്നുകയറ്റം ശക്തമാണെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷത്തില്‍ റെസിഡന്‍ഷ്യല്‍ സെക്ടറിലെ ആകെ നിക്ഷേപമായി രേഖപ്പെടുത്തിയിട്ടുള്ളത് 295 മില്യണ്‍ യുഎസ് ഡോളറാണ്. മുന്‍വര്‍ഷം ഇതേകാലയളവ് വരെ 210 മില്യണ്‍ ഡോളറായിരുന്നുവെന്നാണ റിപ്പോര്‍ട്ട്. റീട്ടെയ്ല്‍ ആന്‍ഡ് ലോജിസ്റ്റിക്ക്, വാര്‍ഹൗസിങ് എന്നീ മേഖലയിലേക്ക് 260 മില്യണ്‍ യുഎസ് ഡോളറാണ് ഒഴുകിയെത്തിയത്.