
മുംബൈ: ആഗോളവിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് ഏഷ്യന്‍ കറന്‍സികളെല്ലാം ഇടിഞ്ഞപ്പോള്‍ ഈ മാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യന്‍ രൂപ മാത്രം. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വഴി വലിയ തോതില്‍ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. മാര്‍ച്ചില്‍ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 72.46 വരെ ഉയരുകയും ചെയ്തിരുന്നു.
ഇന്ത്യന്‍വിപണിയില്‍ ഐപിഒകള്‍ ശക്തമായതും വിദേശ നിക്ഷേപ ഒഴുക്കിനു കാരണമായിട്ടുണ്ട്. ഒരാഴ്ചയായി വിപണി നഷ്ടത്തിലായിരുന്നുവെങ്കിലും തുടര്‍ച്ചയായി ഐ.പി.ഒ.കളിലേക്ക് ഡോളറിലുള്ള നിക്ഷേപം എത്തുന്നുണ്ട്. മാര്‍ച്ചില്‍ ഇതുവരെ 240 കോടി ഡോളറിന്റെ (17,394 കോടി രൂപ) നിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്. ഒമ്പത് ഐ.പി.ഒ.കളിലായി ആകെ 5900 കോടിരൂപയാണ് (81.3 കോടി ഡോളര്‍) വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്. ഏഷ്യന്‍വിപണിയില്‍ ഇക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് എംകേ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പറയുന്നു.
കോവിഡിനുശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതായാണ് വിലയിരുത്തലുകള്‍. മൂഡീസിന്റെ പുതിയ അനുമാനപ്രകാരം അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യ 12 ശതമാനം വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. വിദേശനാണ്യശേഖരം 60,000 കോടി ഡോളറിനടുത്തെത്തി നില്‍ക്കുന്നു. ഈ രണ്ടു ഘടകങ്ങളും രൂപയ്ക്ക് അനുകൂലമാണ്. വിപണിയിലെ നിക്ഷേപത്തിനുപുറമെ ഡോളറില്‍ ഇന്ത്യന്‍ കമ്പനികള്‍ വായ്പയെടുക്കുന്നതും ഡോളര്‍വരവ് കൂട്ടുന്നുണ്ട്. മാര്‍ച്ചില്‍ ഇന്ത്യന്‍ കമ്പനികള്‍ 100 കോടി ഡോളറിനടുത്ത് ഇതിനകം വായ്പയായി സമാഹരിച്ചിട്ടുണ്ട്.
ഡോളറിന്റെ വരവു കൂടുതലായതിനാല്‍ രൂപയുടെവില ക്രമാതീതമായി ഉയരുന്നത് പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വാങ്ങേണ്ട സ്ഥിതിയാണ് റിസര്‍വ് ബാങ്കിനുള്ളത്. നേരത്തെ രൂപയുടെ മൂല്യശോഷണഭീഷണിയായിരുന്നു നിലനിന്നിരുന്നത്. അങ്ങനെവരുമ്പോള്‍ കൈവശമുള്ള ഡോളര്‍ ആര്‍.ബി.ഐ.ക്ക് വിറ്റഴിക്കേണ്ടി വരുമായിരുന്നു. അതേസമയം, മേയ്, ജൂണ്‍ മാസങ്ങളില്‍ രൂപ വീണ്ടും താഴേക്കു പോകാന്‍ സാധ്യതയുണ്ടെന്നും ചില ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.