രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; വിപണിയില്‍ ആശങ്ക

April 12, 2021 |
|
News

                  രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; വിപണിയില്‍ ആശങ്ക

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. കൊറോണ വൈറസ് രോഗം വീണ്ടും വ്യാപിക്കുന്നുവെന്ന ആശങ്കയാണ് വിപണിയില്‍. ഇതിന്റെ പ്രതിഫലനങ്ങളിലൊന്നാണ് രൂപയുടെ മൂല്യത്തകര്‍ച്ച. ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയിപ്പോള്‍. ഒരു ഡോളറിന് 75.15 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ കൊറോണ ഭീതി അകലുകയും വിപണികള്‍ വീണ്ടും സജീവമാകുകയും ചെയ്തതോടെ നില മെച്ചപ്പെട്ടു.

രാജ്യത്ത് വീണ്ടും കൊറോണ വ്യാപനമുണ്ടാകുന്നു എന്ന വാര്‍ത്തകളില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ഇതിന്റെ പ്രതികരണമാണ് ഓഹരി വിപണിയിലടക്കം പ്രതിഫലിക്കുന്നത്. സ്വര്‍ണ വില ഉയരാനും തുടങ്ങിയിട്ടുണ്ട്. കൊറോണ ശക്തമായ വേളയില്‍ സ്വര്‍ണവില പവന് 42000 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഘട്ടങ്ങളായി ഇടിയുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും വില ഉയരുന്നതാണ് വിപണിയിലെ കാഴ്ച.

വിദേശ നിക്ഷേപകര്‍ ഓഹരികളും കടപത്രങ്ങളും വ്യാപകമായി വിറ്റഴിച്ചതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് വരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 6400 കോടി രൂപയുടെ ബോണ്ടുകളാണ് വിദേശ നിക്ഷേപകര്‍ 4 ആഴ്ചകള്‍ക്കിടെ വിറ്റഴിച്ചത്. മാത്രമല്ല, 5530 കോടി രൂപയുടെ ഓഹരികളും വിറ്റൊഴിവാക്കി. വിപണയില്‍ നിന്ന് വന്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട് എന്ന് നിക്ഷേപകര്‍ക്ക് ഭയപ്പെടുന്നു. ഈ വേളയില്‍ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കല്‍ തുടരുകയാണ്.

കൊറോണ വ്യാപനം ഓരോ ദിവസവും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം പേര്‍ക്ക് രാജ്യത്ത് കൊറോണ ബാധിച്ചു എന്നാണ് കണക്ക്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. ബുധനാഴ്ചയ്ക്ക് ശേഷം സുപ്രധാനമായ തീരുമാനം എടുക്കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, രൂപയുടെ മൂല്യത്തില്‍ ഇടിവ് വരുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. അവരുടെ പണത്തിന് മൂല്യം കൂടും. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധ്യതയേറെയാണ്.

Read more topics: # രൂപ, # Indian rupee,

Related Articles

© 2025 Financial Views. All Rights Reserved