
ആഗോള സ്വര്‍ണ വിപണിയില്‍ ഇടപെടാന്‍ രാജ്യത്തെ നിക്ഷേപകര്‍ക്കും അവസരം ലഭിച്ചേക്കും. രാജ്യത്ത് വൈകാതെ സ്പോട് ഗോള്‍ഡ് എക്സ്ചേഞ്ച് സ്ഥാപിക്കാനാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി തയ്യാറെടുക്കുന്നത്. വ്യക്തികള്‍ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപകര്‍, ബാങ്കുകള്‍, വിദേശ നിക്ഷേപകര്‍, ജുവല്ലറികള്‍ എന്നിവര്‍ക്കെല്ലാം നിര്‍ദിഷ്ട സ്പോട് ഗോള്‍ഡ് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്താന്‍ കഴിയും. ഓഹരി വിപണിയിലേതുപോലെ ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
ട്രേഡ് ചെയ്യേണ്ട യൂണിറ്റുകള്‍ ഇലക്ട്രോണിക് ഗോള്‍ഡ് രസീത്(ഇജിആര്‍)എന്നപേരിലാകും അറിയപ്പെടുക. എക്സ്ചേഞ്ചിന്റെ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരോട് സെബി നിര്‍ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ സ്വര്‍ണ ഉപഭോഗത്തില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കിലും ആഗോള വിലയെ സ്വാധീനിക്കാന്‍ ഇതുവരെകഴിഞ്ഞിരുന്നില്ല.
വാര്‍ഷിക ഡിമാന്‍ഡ് 800-900 ടണ്‍ ആണ്. ഉപഭോഗത്തിന്റെകാര്യത്തില്‍ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. സ്പോട് ഗോള്‍ഡ് വ്യാപാരം തുടങ്ങുന്നതോടെ വിനിമയം കാര്യക്ഷമമാകും. സുതാര്യമായ വിലനിര്‍ണയം, ഗുണനിലവാരം ഉറപ്പാക്കല്‍, സാമ്പത്തിക വിപണിയിലെ സമന്വയം, സ്വര്‍ണത്തിന്റെ പുനരുപയോഗം എന്നിവയ്ക്ക് തീരുമാനം ഗുണകരമാകും.