ബിസിനസ് നേതൃതലത്തിലെ സ്ത്രീ സാന്നിധ്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; ആഗോള ശരാശരിയേക്കാള്‍ കൂടുതല്‍

March 04, 2021 |
|
News

                  ബിസിനസ് നേതൃതലത്തിലെ സ്ത്രീ സാന്നിധ്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; ആഗോള ശരാശരിയേക്കാള്‍ കൂടുതല്‍

മുംബൈ: ആഗോള അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് കൂടുതല്‍ സ്ത്രീകള്‍ ബിസിനസുകളുടെ സീനിയര്‍ മാനേജ്‌മെന്റ് തസ്തികകളിലേക്ക് എത്തുന്നു. ഗ്രാന്റ് തോണ്‍ടണ്‍ പുറത്തിറക്കിയ 'വിമന്‍ ഇന്‍ ബിസിനസ് 2021' റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ 39 ശതമാനം സ്ത്രീ സാന്നിധ്യമുണ്ട്. ആഗോള ശരാശരിയായ 31 ശതമാനത്തെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ട നിലയാണിത്. ഇത് ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള ഇന്ത്യന്‍ ബിസിനസുകളുടെ മാറുന്ന കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു.

ബിസിനസ് നേതൃ തലത്തിലെ സ്ത്രീ സാന്നിധ്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിര്‍ണായക നേതൃസ്ഥാനങ്ങളിലുള്ള വനിതകളുടെ ശതമാനവും ഇന്ത്യയില്‍ ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ്. ആഗോളതലത്തില്‍, സീനിയര്‍ മാനേജ്‌മെന്റ് റോളില്‍ ഒരു സ്ത്രീയെങ്കിലും ഉള്ള ബിസിനസുകള്‍ 90 ശതമാനത്തിലേക്ക് ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇത് 98 ശതമാനം ആണ്.

വാസ്തവത്തില്‍, ഇന്ത്യയിലെ 47 ശതമാനം മിഡ് മാര്‍ക്കറ്റ് ബിസിനസുകളില്‍ ഇപ്പോള്‍ വനിതാ ചീഫ് എക്‌സിക്യൂട്ടീവുകളുണ്ട്. ആഗോള തലത്തില്‍ ഇത് 26 ശതമാനം മാത്രമാണ്. 'കൂടുതല്‍ സ്ത്രീകള്‍ നേതൃത്വപരമായ പദവികളില്‍ എത്തുകയും കൂടുതല്‍ വൈവിധ്യം നേതൃതലത്തില്‍ എത്തുകയും ചെയ്യുന്നതോടെ ബിസിനസുകള്‍ വളര്‍ച്ചയ്ക്ക് പുതിയ അവസരങ്ങള്‍ തുറക്കും, ''ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് ചീഫ് എക്‌സിക്യൂട്ടീവ് വിശേഷ് സി. ചന്ദ്യോക് പറഞ്ഞു.

തൊഴിലിടങ്ങളിലും പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളിലും കോവിഡ് 19-ന്റെ സ്വാധീനം സംബന്ധിച്ചും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. പുതിയ പ്രവര്‍ത്തനരീതികള്‍ സ്ത്രീകളുടെ കരിയര്‍ പാതയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് ഇന്ത്യയില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്ത ഏകദേശം 88% പേര്‍ അഭിപ്രായപ്പെടുന്നു. ആഗോളതലത്തില്‍ 69 ശതമാനം പേരാണ് ഈ വീക്ഷണം പങ്കുവെച്ചത്. 'ഇന്നൊവേറ്റീവ്', 'മാറ്റത്തോട് ഇണങ്ങുന്നത്', 'റിസ്‌ക് എടുക്കാനുള്ള ധൈര്യം' എന്നിവ 2021 ല്‍ മികച്ച നേതൃത്വ സവിശേഷതകളായി ഉയര്‍ന്നുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: # ബിസിനസ്, # Business,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved