
ന്യൂഡല്‍ഹി: ജൂലൈ 12 മുതല്‍ 26 വരെ ഇന്ത്യ-യുഎഇ സ്‌പെഷ്യല്‍ വിമാന സര്‍വ്വീസ് നടത്താന്‍ ഇന്ത്യയുടെയും യുഎഇയുടെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ ഭാഗമായി, നിലവില്‍ ഇന്ത്യയിലുള്ള യുഎഇ നിവാസികളെ യുഎഇയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിന്, ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ പ്രത്യേക ക്രമീകരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
ഈ ക്രമീകരണം അനുസരിച്ച്, യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ സ്വന്തം രാജ്യത്ത് എത്തിക്കാന്‍ യുഎഇ കാരിയറുകള്‍ നടത്തുന്ന ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ക്ക് സാധിക്കും. ഐസിഎ (ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്) അംഗീകൃത യുഎഇ നിവാസികളെ മടക്കയാത്രയില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് കൊണ്ടുപോകാനും അനുവദിക്കും.
കൂടാതെ, യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി പോകുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും ഐസിഎ അംഗീകാരമുള്ള യുഎഇ നിവാസികളെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യത്തേക്കുള്ള യാത്രയില്‍ കൊണ്ടുപോകാവുന്നതാണ്. ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡിലെ അഞ്ഞൂറോളം പേര്‍ക്ക് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഹര്‍ദീപ് സിംഗ് പുരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
യുഎഇയില്‍ സാധുതയുള്ള റെസിഡന്‍സിയോ വര്‍ക്ക് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്കായി വിമാനങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തുമെന്ന് യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്നയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.