മിടുക്കര്‍ക്ക് അവസരമൊരുക്കി ഇന്ത്യാ-യുഎസ് നയതന്ത്ര ബന്ധം; അഞ്ചു വര്‍ഷത്തിനിടെ ഇറക്കിയ 72 ശതമാനം എച്ച് 1 ബി വിസകളും ഇന്ത്യക്കാര്‍ക്ക്; കടമ്പകളില്‍ അയവ് വരുത്താന്‍ വിദേശകാര്യ മന്ത്രാലയം

July 18, 2019 |
|
News

                  മിടുക്കര്‍ക്ക് അവസരമൊരുക്കി ഇന്ത്യാ-യുഎസ് നയതന്ത്ര ബന്ധം; അഞ്ചു വര്‍ഷത്തിനിടെ  ഇറക്കിയ 72 ശതമാനം എച്ച് 1 ബി വിസകളും ഇന്ത്യക്കാര്‍ക്ക്; കടമ്പകളില്‍ അയവ് വരുത്താന്‍  വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ഇന്ത്യയിലെ മിടു മിടുക്കര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ പുറത്ത് വിടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അമേരിക്ക ഇറക്കിയ എച്ച് വണ്‍ ബി വിസകളില്‍ 67 മുതല്‍ 72 ശതമാനം വരെയുള്ളവ ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. അമേരിക്കയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നതിനായി വിദേശ തൊഴിലാളികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയായ എച്ച് വണ്‍ ബിയ്ക്ക് മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അധികം ബാധിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. എച്ച് വണ്‍ ബി വിസ പ്രോഗ്രാമില്‍ ഇതു വരെ സമഗ്രമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലോകസഭയില്‍ അറിയിച്ചു. 

വിസയുടെ വിതരണം സംബന്ധിച്ച് അമേരിക്കന്‍ അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും എച്ച് വണ്‍ ബി വിസയ്ക്കായി ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കേല്‍ ആര്‍ പോംപിയോ ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയ വേളയില്‍ എച്ച് 1 ബി വസ സംബന്ധിച്ച് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തുകയും ഇക്കാര്യത്തില്‍ പരസ്പരം പ്രയോജനകരമായ പങ്കാളിത്തത്തോടെ മുന്നോട്ട് പോകുന്നതിനായി ധാരണയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

എച്ച് 1 ബി വിസയുടെ കണക്കുകള്‍ നോക്കിയാല്‍ 2018ല്‍ 1,25,528 എണ്ണം വിതരണം ചെയ്തിരുന്നു. 1,29,097 എച്ച് വണ്‍ ബി വിസകളാണ് 2017ല്‍ ലഭിച്ചത്. 2016ല്‍ ഇത് 1,26,692 ഉം 2015ല്‍ 1,19,952 ഉം ആയിരുന്നു.  പ്രഗത്ഭരായ ഇന്ത്യന്‍ ടെക്കികള്‍ക്കും മറ്റും ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എച്ച് വണ്‍ ബി വിസ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍ വിസ ലഭിക്കുന്നതിനായി അപേക്ഷകളില്‍ നടത്തുന്ന സൂക്ഷ പരിശോധനയാണ് 2017നേക്കാള്‍ വിസകളുടെ എണ്ണം തൊട്ടടുത്ത വര്‍ഷം കുറയുന്നതിന് കാരണമാക്കിയത്. എന്നാല്‍ നിലവില്‍ വിസ ലഭിക്കാന്‍ നേരിടുന്ന പ്രതിസന്ധിയും മാറിയാല്‍ കൂടുതല്‍ ഇന്ത്യാക്കാര്‍ക്ക് അവസരം ഒരുങ്ങുമെന്നുറപ്പാണ്. 

Related Articles

© 2025 Financial Views. All Rights Reserved