
ലോകത്തിലെ തന്നെ ഏറ്റവുമധികം പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലും പഞ്ചസാരയുടെ ഉല്‍പ്പാദനം രാജ്യത്ത് വര്‍ദ്ധിപ്പിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം 2.90 ശതമാനം വര്‍ദ്ധിച്ച് 31.9 ദശലക്ഷം ടണ്‍ ആയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ, മില്ലുകളിലും മറ്റുമായുള്ള 8.3 ദശലക്ഷം ടണ്‍ കൂടി കണക്കിലാക്കിയാല്‍ ഏതാണ്ട് 40.2 ദശലക്ഷം ടണ്‍ രാജ്യത്ത് ഉല്‍പാദിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചസാരയുടെ വ്യാപാര സമിതിയായ എയിസ്റ്റയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
എന്നിരുന്നാലും ആഭ്യന്തര ഉപഭോഗത്തിനുള്ള പഞ്ചസാരയുടെ വിതരണം ഇതില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇത് 27 ദശലക്ഷം ടണ്‍ ആയിരുന്നു. പ്രധാനമായും ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ മാസം വരെയാണ് പഞ്ചസാരയുടെ വ്യാപാരം നടക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി മുന്‍വര്‍ഷത്തേതില്‍ നിന്നും ആറ് ദശലക്ഷം ടണ്‍ ആയി കുറയുമെന്നും അയിസ്റ്റ (ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍) പറയുന്നു.
ഈ വര്‍ഷത്തെ യഥാര്‍ത്ഥ കയറ്റുമതി എന്നത് ആഭ്യന്തര പഞ്ചസാര വിലയേയും അന്താരാഷ്ട്ര പഞ്ചസാര വിലയേയും താരതമ്യം ചെയ്താണുള്ളതെന്നും വ്യാപാര സംഘടന പറയുന്നു. ഉത്തര്‍പ്രദേശ് തന്നെയാണ് രാജ്യത്തിന് ആവശ്യമായ പഞ്ചസാര നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം 10.5 ദശലക്ഷം പഞ്ചസാരയാണ് ഉല്‍പാദിപ്പിച്ചത്. എന്നാല്‍, കണക്ക് പരിശോധിച്ചാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെന്ന് മനസ്സിലാകും. 11.1 ദശലക്ഷം ടണ്‍ ആണ് മുന്‍ വര്‍ഷം ഉല്‍പാദിപ്പിച്ചത്.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്രയാണ് ഏറ്റവുമധികം പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം. 11.5 ദശലക്ഷം ടണ്‍ ഉല്‍പാദനമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഉല്‍പാദനം കൂടുതല്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയാണ് പട്ടികയില്‍ മൂന്നാമത്തെ വലിയ ഉല്‍പ്പാദക സംസ്ഥാനം. ഇവിടെ 4.7 ദശലക്ഷം ടണ്‍ ആണ് ഈ സമയത്ത് നിര്‍മിച്ചത്.
ഗുജറാത്തില്‍ പഞ്ചസാര ഉല്‍പാദനത്തില്‍ 1.1 ദശലക്ഷം ടണ്ണില്‍ എത്തിക്കാന്‍ സാധിച്ചു. 1 ദശലക്ഷം ടണ്‍ നിര്‍മിക്കാന്‍ തമിഴ്‌നാടിനും സാധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ എല്ലാം ചേര്‍ന്ന് മൂന്ന് ദശലക്ഷം ടണ്‍ പഞ്ചസാരയാണ് ഉല്‍പാദിപ്പിച്ചിരിക്കുന്നത്. പഞ്ചാസരയ്ക്ക് പുറമെ, രാസോല്‍പന്നമായ എത്തനോള്‍ നിര്‍മ്മാണത്തിനും കരിമ്പിന്റെ നീര് ഉപയോഗിക്കുന്നുണ്ട്. മേല്‍പറഞ്ഞ 31.9 ദശലക്ഷം ടണ്ണില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം എത്തനോള്‍ നിര്‍മാണത്തിന് വേണ്ടി 3.1 ദശലക്ഷം ടണ്‍ സുക്രോസ് ആക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര പഞ്ചസാരയുടെ ഉല്‍പാദനത്തില്‍ 2 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.