
ന്യൂഡല്‍ഹി: പെട്രോളിയം ഇന്ധനങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തയില്ലാത്ത രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ മൊത്തം അസംസ്‌കൃത എണ്ണയുടെ 82.8 ശതമാനവും ഇപ്പോള്‍ നമ്മള്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ സ്വാഭാവിക പെട്രോളിയം ശേഖരം വളരെ കുറവാണ് എന്നത് തന്നെയാണ് ഇതിന് കാരണം.
അസംസ്‌കൃത എണ്ണയ്ക്ക് വേണ്ടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ഒരു ബൃഹദ് പദ്ധതിതാണ് ഒരുങ്ങുന്നത്. അമ്പതിനായിരം കോടിയാണ് ഇതിനായി ചെലവഴിക്കാന്‍ പോകുന്നത്. രാജ്യത്ത് എഥനോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ്. എഥനോള്‍ എന്നാല്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ആണ്. സാധാരണ ഗതിയിലെ മദ്യത്തില്‍ കാണുന്ന അതേ ആല്‍ക്കഹോള്‍ തന്നെ. ഈ എഥനോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ജൈവ ഇന്ധനങ്ങളില്‍ ഒന്ന്. അത്തരം ഒരു ഇന്ധന സംസ്‌കാരത്തിലേക്ക് മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
2025 ആകുമ്പോഴേക്കും 20 ശതമാനമെങ്കിലും എഥനോള്‍ അടിസ്ഥാന ഇന്ധനത്തിലേക്കാണ് മാറാനാണ് ലക്ഷ്യം വക്കുന്നത്. അതിനായി പ്രതിവര്‍ഷം 10 ബില്യണ്‍ ലിറ്റര്‍ എഥനോള്‍ എങ്കിലും ഉത്പാദിപ്പിക്കേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. ബ്ലൂംബെര്‍ഗ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ ഓയില്‍ സെക്രട്ടറി തരുണ്‍ കപൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
20 ശതമാനം എഥനോള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ധന നിര്‍മാണം ആണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്നത് നേരത്തേ പറഞ്ഞല്ലോ. 2025 ആകുമ്പോഴേക്കും ഇത് സാധ്യമാക്കുകയാണ് ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആയാല്‍ പ്രതിവര്‍ഷം 4 ബില്യണ്‍ ഡോളര്‍ ലാഭിക്കാനാകും എന്നാണ് കണക്കാക്കുന്നത്. പെട്രോളിയം ഇന്ധനങ്ങളുടെ ലഭ്യത കാലക്രമേണ കുറഞ്ഞുവരികയാണ്. ഈ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരമാണ് ഈ ജൈവ ഇന്ധനം. രാജ്യത്ത് അധികം വരുന്ന അരിയും കേടുവന്ന ഭക്ഷ്യധാന്യങ്ങളും എല്ലാം എഥനോള്‍ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കാം. ആ രീതിയിലും രാജ്യത്തിന് നേട്ടമാണ്.
നിലവില്‍ ഇന്ത്യയിലെ എഥനോള്‍ ഉത്പാദനം പ്രധാനമായും കരിമ്പില്‍ നിന്നാണ്. ധാന്യങ്ങളില്‍ നിന്നുള്ള എഥനോള്‍ ഉത്പാദനം വളരെ കുറവാണ്. അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് അമ്പത് ശതമാനം ഷുഗര്‍ ബേസ്ഡ് (കരിമ്പ് മുതലായവയില്‍ നിന്ന്) എഥനോളിനൊപ്പം തന്നെ അമ്പത് ശതമാനം ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള എഥനോള്‍ നിര്‍മാണം ആണ്. ഇതിന് സര്‍ക്കാരിന്റെ സഹായവും ഉണ്ട്.
ഇപ്പോള്‍ തന്നെ പല രാജ്യങ്ങളിലും ബയോ എഥനോള്‍ വാഹനങ്ങളില്‍ ഇന്ധനമായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ ആണ് ഇത് വ്യാപകമായിട്ടുള്ളത്. യൂറോപ്പില്‍ ബയോഡീസലിന്റെ ഉപയോഗവും വ്യാപകമാണ്. എന്നാല്‍ ജൈവ ഇന്ധനം നിര്‍മിക്കുന്നതിനായി ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. ലോകത്തിലെ വലിയൊരു ഭാഗം ജനങ്ങളും കൊടിയ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍, ഭക്ഷ്യധാന്യങ്ങള്‍ ഇന്ധന നിര്‍മാണത്തിന് ഉപയോഗിക്കുന്നത് നീതികേടാണ് എന്നും വിലയിരുത്തലുകളുണ്ട്.