
ഇന്ത്യയില്‍ കൃത്രിമബുദ്ധി സോഫ്റ്റ് വെയര്‍ എഐ സാസ് സര്‍വീസ് (AI-SaaS) സ്റ്റാര്‍ട്ടപ്പുകള്‍ 2030 ഓടെ അരക്കോടിയിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രാപ്തമാകുമെന്ന് റിപ്പോര്‍ട്ട്. എട്ടു വര്‍ഷത്തിനു ശേഷം 500 ശതകോടി ഡോളറിന്റെ വിപണിയായി ഈ മേഖല മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ സ്റ്റെല്ലാരിസ് പാര്‍ട്ണേഴ്സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 9 ലക്ഷം പേര്‍ക്ക് ഇത്തരം കമ്പനികളില്‍ നേരിട്ട് തൊഴില്‍ ലഭിക്കും. സിസ്‌കോ, ഇന്‍ഫോസിസ്, ആമസോണ്‍ വെബ് സര്‍വീസസ്, ഗിറ്റ്ഹബ്, ഫ്രെഷ് വര്‍ക്ക്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
2021 ല്‍ മാത്രം എസ്എഎഎസ് സ്റ്റാര്‍ട്ടപ്പുകളില്‍ 4.5 ശതകോടി ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 2020 നെ അപേക്ഷിച്ച് 170 ശതമാനം അധികമാണിത്. ഈ മേഖലയില്‍ രാജ്യത്ത് മികച്ച പ്രതിഭകളെ കിട്ടാനുണ്ടെന്നും ഡിസൈനര്‍മാര്‍, ഡാറ്റ സയന്റിസ്റ്റുകള്‍ തുടങ്ങി വിവിധ മേഖലകളിലെ വിദ്ഗ്ധരുടെ സേവനം വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും കണക്കു കൂട്ടുന്നു. ആഗോള തലത്തില്‍ 900 ശതകോടി ഡോളര്‍ വരുമാനം ഉറപ്പാക്കുന്നതായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പതിറ്റാണ്ടിനിടെ ആഗോള എസ്എഎഎസ് രംഗത്ത് പ്രാമുഖ്യം നേടിയിട്ടുണ്ട്.